NEWS UPDATE

6/recent/ticker-posts

കോവിഡ്​ കാലത്തെ കേസുകൾ പിൻവലിക്കും; ഉത്തരവിറങ്ങി

തിരുവനന്തപുരം: കോവിഡ് കാലത്തെ അക്രമസ്വഭാവമില്ലാത്തതും ഗുരുതരമല്ലാത്തതുമായ കേസുകൾ പിൻവലിക്കുന്നതിന്​ സർക്കാർ ഉത്തരവിറങ്ങി. വിഷയം പരിശോധിച്ച്​ റിപ്പോർട്ട്​ സമർപ്പിക്കുന്നതിന്​ ആഭ്യന്തര സെക്രട്ടറി ഡോ.വി.വേണു കൺവീനറായി രൂപവത്​കരിച്ച സമിതിയുടെ ശിപാർശ സ്വീകരിച്ചാണ്​ തീരുമാനം.[www.malabarflash.com]


കോടതികളുടെ അനുമതിയോടെ കേസുകൾ പിൻവലിക്കണമെന്ന്​ ജില്ല പൊലീസ്​ മേധാവികൾക്ക്​​ ഉത്തരവ്​ നിർദേശം നൽകി​. ഐ.പി.സി 188, 269, 290, കേരള പൊലീസ്​ ആക്ടിലെ 118 (ഇ), കേരള എപ്പിഡമിക്​ ഡിസീസസ്​ ഓർഡിനൻസിലെ വിവിധ വകുപ്പുകൾ, ഡിസാസ്റ്റർ മാനേജ്​മെന്‍റ്​ ആക്ട്​ എന്നിവ പ്രകാരം എടുത്ത കേസുകളാണ്​ പിൻവലിക്കുക. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുന്നതും നിയന്ത്രണങ്ങള്‍ അവഗണിക്കുന്നതുമാണ്​ വകുപ്പ്​ 188 പ്രകരമുള്ള കുറ്റം. ഒരു മാസം മുതല്‍ ആറു മാസം വരെ തടവ് ലഭിക്കാവുന്നതോ 200 രൂപ മുതല്‍ 1000 രൂപ വരെ പിഴ ഈടാക്കാവുന്നതോ ആണിത്​.

പൊതുജനാരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന രോഗപ്പകര്‍ച്ചക്ക്​ കാരണമാവുന്ന വിധം അശ്രദ്ധയോടെ പെരുമാറുന്നതാണ്​ വകുപ്പ്​ 269. ആറുമാസം വരെ തടവോ പിഴയും തടവും ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റമാണിത്​. മനഃപൂര്‍വം സമൂഹസുരക്ഷക്ക് വിഘാതമുണ്ടാക്കുന്ന തരത്തിലോ സമൂഹത്തിന് അപകടകരമായ തരത്തിലോ ഉള്ള പ്രവൃത്തികള്‍ ചെയ്യുന്നതിനെതിരെയാണ്​ കേരള ​പോലീസ്​ ആക്ടിലെ വകുപ്പ് 118 (ഇ). മൂന്ന് വര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയുമാണ്​ ഈ വകുപ്പ്​ വ്യവസ്ഥ ചെയ്യുന്നത്​.

കോവിഡ് കാലത്ത് സംസ്ഥാനത്താകെ 1.40 ലക്ഷം കേസ്​ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ്​ കണക്ക്​. ഇതിൽ സാമൂഹിക അകലം പാലിക്കാത്തത്, മാസ്ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ടവ പിൻവലിക്കും. പി.എസ്​.സി ഉദ്യോഗാർഥികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ടതുൾപ്പെടെ ജനകീയ സ്വഭാവത്തിൽ പൊതുമുതൽ നശീകരണവും അക്രമവും ഇല്ലാത്ത സമരങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കുന്നതിൽ ഉൾ​പ്പെടും.

Post a Comment

0 Comments