NEWS UPDATE

6/recent/ticker-posts

കള്ളനോട്ടുകളുമായി മുന്‍പഞ്ചായത്തു പ്രസിഡന്റും യുവതിയും അറസ്റ്റില്‍

ചാരുംമൂട്: 500 രൂപയുടെ കള്ളനോട്ടുകളുമായി മുന്‍പഞ്ചായത്തു പ്രസിഡന്റും യുവതിയും അറസ്റ്റില്‍. കൊല്ലം കിഴക്കേ കല്ലട കൊടുവിള ഷാജിഭവനത്തില്‍ ക്ലീറ്റസ് (45), താമരക്കുളം പേരൂര്‍കാരാഴ്മ അക്ഷയ് നിവാസില്‍ ലേഖ (38) എന്നിവരാണു പിടിയിലായത്. കിഴക്കേ കല്ലട പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ക്ലീറ്റസ്.[www.malabaflash.com]


ചാരുംമൂട്ടിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ബുധനാഴ്ച വൈകീട്ട് സാധനം വാങ്ങാനെത്തിയ ലേഖ നല്‍കിയ 500 രൂപ നോട്ടില്‍ സംശയം തോന്നിയ ജീവനക്കാര്‍ നൂറനാട് പോലീസില്‍ അറിയിക്കുകയായിരുന്നു. എസ്.എച്ച്.ഒ. പി. ശ്രീജിത്തിന്റെ നേതൃത്വത്തിലെത്തി പരിശോധിച്ചപ്പോള്‍ ലേഖയുടെ കൈയില്‍ 500 രൂപയുടെ കൂടുതല്‍ കള്ളനോട്ടുകള്‍ കിട്ടി. തുടര്‍ന്ന് ഇവരുടെ വീടു പരിശോധിച്ചപ്പോഴും നോട്ടുകള്‍ കിട്ടി. നോട്ടുകള്‍ നല്‍കിയത് ക്ലീറ്റസാണെന്ന് ഇവര്‍ പറഞ്ഞു.

വ്യാഴാഴ്ച പുലര്‍ച്ചേ ക്ലീറ്റസിനെ കിഴക്കേ കല്ലടയുള്ള വീടിനു സമീപത്തുനിന്ന് അറസ്റ്റുചെയ്തു. ഇയാളുടെ പക്കല്‍നിന്ന് 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെടുത്തു.

അടിപിടി, പോലീസിനെ ആക്രമിക്കല്‍, പട്ടികജാതി പീഡനം, വീടുകയറി അതിക്രമം തുടങ്ങിയ കേസുകള്‍ കിഴക്കേ കല്ലട പോലീസ് സ്റ്റേഷനില്‍ ക്ലീറ്റസിനെതിരേ നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു. 10,000 രൂപയുടെ കള്ളനോട്ടാണ് ക്ലീറ്റസ് ലേഖയ്ക്കു നല്‍കിയിരുന്നത്. ഒരുമാസമായി ലേഖ ചാരുംമൂട്ടിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബേക്കറികള്‍, ഫാന്‍സി സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ കയറി 500 രൂപയുടെ കള്ളനോട്ട് നല്‍കി സാധനങ്ങള്‍ വാങ്ങിയിരുന്നു. ആരും തിരിച്ചറിഞ്ഞില്ല. ഓരോദിവസം ഓരോ കടയായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

നോട്ടുകളുടെ ഉറവിടം കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എസ്.ഐ. നിതീഷ്, ജൂനിയര്‍ എസ്.ഐ. ദീപു പിള്ള, എസ്.ഐ. രാജീവ്, എ.എസ്.ഐ. പുഷ്പന്‍, സി.പി.ഒ.മാരായ ഷാനവാസ്, രഞ്ജിത്ത്, വിഷ്ണു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments