NEWS UPDATE

6/recent/ticker-posts

'ഹിജാമ കപ്പ് തെറാപ്പി', ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പോലും രോഗികള്‍; ഒടുവില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍

തൃശൂര്‍: കരുവന്നൂരില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍. തേലപ്പിള്ളി സ്വദേശി ഫാസില്‍ അഷ്‌റഫ് ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ചേര്‍പ്പ് പോലീസ് കേസെടുത്തു. ജില്ലാ ആരോഗ്യവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയേത്തുടര്‍ന്നാണ് നടപടി.[www.malabarflash.com]


കരുവന്നൂരില്‍ ഇസ്ര വെല്‍നസ് സെന്റര്‍ എന്ന സ്ഥാപനത്തിലാണ് ചികിത്സാ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.'ഹിജാമ കപ്പ് തെറാപ്പി' എന്ന പേരിലായിരുന്നു വ്യാജ ചികിത്സ. വ്യാജ ചികിത്സ നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. മെഡിക്കല്‍ കൗണ്‍സിലിന്റേയോ പഞ്ചായത്തിന്റേയോ അംഗീകാരമോ അനുമതിയോ ഇല്ലാതെയായിരുന്നു വ്യാജ ചികിത്സ. സ്ഥാപനത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നതായും ആരോഗ്യവകുപ്പ് കണ്ടെത്തി.

അംഗീകാരമില്ലാതെ ചികിത്സ നടക്കുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം ലഭിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ എന്‍ സതീഷ് പറഞ്ഞു. 'കേരളത്തില്‍ പ്രാക്ടീസ് ചെയ്യണമെങ്കില്‍ മെഡിക്കല്‍ പ്രാക്ടീഷണര്‍ക്ക് ഏതെങ്കിലുമൊരു മെഡിക്കല്‍ കൗണ്‍സിലറിന്റെ രജിസ്‌ട്രേഷന്‍ ആവശ്യമാണ്. ഈ സ്ഥാപനത്തില്‍ ചികിത്സ നടത്തുന്ന വ്യക്തിക്ക് യാതൊരു മെഡിക്കല്‍ കൗണ്‍സിലര്‍ രജിസ്‌ട്രേഷനും ലഭിച്ചിട്ടില്ല. അതുകൂടാതെ പഞ്ചായത്തിന്റെ ലൈസന്‍സോ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റോ തുടങ്ങിയ ഒരു രേഖകളുമില്ല. നാല് വര്‍ഷമായി സ്ഥാപനം പ്രവര്‍ത്തിക്കുന്നു. ശ്രദ്ധയില്‍ പെട്ടപ്പോള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരുന്നുകള്‍ നിര്‍മിച്ചത് വീട്ടിലാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ചികിത്സക്കായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും മരുന്നുകളും പോലീസ് പിടിച്ചെടുത്തു. ഇതിനോടകം നിരവധി പേര്‍ ഫാസില്‍ അഷ്‌റഫിന്റെ വ്യാജ ചികിത്സയ്ക്ക് വിധേയരായെന്നാണ് വിവരം. ഇതര സംസ്ഥാനങ്ങളില്‍ നിന്നുപോലും രോഗികള്‍ ഇവിടെ ചികിത്സയ്‌ക്കെത്തിയിരുന്നു.

Post a Comment

0 Comments