കാസര്‍കോട്: പെരിയ ചെക്കിപ്പള്ളത്ത് സുബൈദ കൊലക്കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുള്‍ ഖാദറിനെയാണ് ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് ജഡ്ജ് ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഐപിസി 302 വകുപ്പ് പ്രകാരം ജീവപര്യന്തം തടവും 50,000 രൂപ പിഴയടക്കാനുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം അധിക തടവ് അനുഭവിക്കണം. [www.malabarflash.com]
അബ്ദുള്‍ ഖാദര്‍ കുറ്റക്കാരനാണെന്ന് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, ഭവനഭേദനം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. കേസില്‍ രണ്ടാം പ്രതിയായ അസീസ് ഇപ്പോഴും ഒളിവിലാണ്. മൂന്നാം പ്രതി അര്‍ഷാദിനെ കോടതി വെറുതെവിട്ടിരുന്നു. നാലം പ്രതി കുതിരപ്പാടി സ്വദേശി പി അബ്ദുള്‍അസീസിനെ കേസില്‍ മാപ്പുസാക്ഷിയാക്കുകയും ചെയ്തിരുന്നു.
2018 ജനുവരി മാസത്തിലായിരുന്നു സുബൈദയെ വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തനിച്ച് താമസിക്കുകയായിരുന്നു സുബൈദ. വീടിനു തൊട്ടടുത്തുള്ള ക്വാര്‍ട്ടേഴ്‌സ് നോക്കാനെന്ന വ്യാജേന എത്തിയ പ്രതികള്‍ വെള്ളം ചോദിച്ചാണ് സുബൈദയുടെ വീട്ടില്‍ എത്തിയത്. വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോയ സുബൈദയുടെ മുഖത്ത് ഫോര്‍മിക് ആസിഡ് ബലമായി മണപ്പിക്കുകയും മൂക്കും വായും പൊത്തിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന 27 ഗ്രാം വരുന്ന സ്വർണ വളകൾ, കമ്മൽ, മാല എന്നിവയാണ് കവർച്ച ചെയ്യപ്പെട്ടത്. ഒന്നാം പ്രതിയായ അബ്ദുൽ ഖാദർ സുബൈദയുടെ വീടിന് സമീപം കുറച്ചു കാലം താമസിച്ചിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന സുബൈദയുടെ കൈവശം ധാരാളം സ്വർണവും പണവും ഉണ്ടാകുമെന്ന് ധാരണയിലാണ് കവർച്ചയ്ക്ക് ആസൂത്രണം ഒരുക്കിയത്. കൊല്ലപ്പെടുന്നതിന് തലേ ദിവസം പ്രതികൾ വീടും പരിസരവും വീക്ഷിച്ചിരുന്നു. അടുത്ത ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ബസ് ഇറങ്ങി വരുന്ന സുബൈദയെ സംഘം പിന്തുടരുകയും വീട്ടിലെത്തുകയുമായിരുന്നു. പിന്നീടാണ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്നു രണ്ടാഴ്ചക്കുള്ളിൽ തന്നെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പോലീസ് ചീഫ് കെജി സൈമണിന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം നടന്നത്. എ എസ് പി വിശ്വനാഥൻ, കാഞ്ഞങ്ങാട് ഡിവൈഎസ്പി ആയിരുന്ന കെ ദാമോദരൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന ഹസൈനാർ, ബേക്കൽ സിഐ ആയിരുന്ന വികെ വിശ്വംഭരൻ, സിഐമാരായ സികെ സുനിൽ കുമാർ, അബ്ദുർ റഹീം എന്നിവർ ഉൾപ്പെട്ട സംഘം നടത്തിയ സമർഥമായ അന്വേഷണത്തിലാണ് കൊലപാതകം തെളിയിച്ചതും പ്രതികളെ പിടികൂടിയതും.
2018 സപ്തംബർ 14 ന് ഉച്ചയ്ക്ക് സുള്ള്യയിലെ കോടതിയിൽ മറ്റൊരു കേസിൽ ഹാജരാക്കി തിരിച്ചു കൊണ്ടുവരുമ്പോൾ രണ്ടാം പ്രതി അബ്ദുൽ അസീസ് പോലീസുകാരെ കബളിപ്പിച്ച് രക്ഷപ്പെട്ടിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചുവെങ്കിലും ഇതുവരെയും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. ബേക്കൽ സിഐ ആയിരുന്ന വികെ വിശ്വംഭരനാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ജില്ലാ പബ്ലിക് പ്രോസിക്യൂടർ കെ ദിനേശ് കുമാർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
0 Comments