റബാത്ത്: ഖത്തർ ലോകകപ്പിൽനിന്ന് സ്വന്തമായ പ്രതിഫലം സ്വന്തം നാട്ടിലെ ദരിദ്രർക്കു നൽകാൻ മൊറോക്കോ താരം ഹക്കിം സിയേഷ്. 2,77,575 പൗണ്ട് (ഏകദേശം 22.9 കോടി രൂപ) ആണ് ഹക്കിം സിയേഷിന് ലഭിക്കുക. ഈ തുക അദ്ദേഹം മൊറോക്കോയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി നീക്കിവെക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.[www.malabarflash.cm]
'തീർച്ചയായും എന്റെ ലോകകപ്പ് സമ്പാദ്യമെല്ലാം അർഹരായ പാവങ്ങൾക്കു നൽകും. പണത്തിനു വേണ്ടിയല്ല ഞാൻ മൊറോക്കോയ്ക്കു വേണ്ടി ലോകകപ്പ് കളിച്ചത്. ഹൃദയത്തിൽനിന്നെടുത്ത തീരുമാനമായിരുന്നു അത്.'-ഹകീം സിയേഷ് പറഞ്ഞതായി മാധ്യമപ്രവർത്തകനായ ഖാലിദ് ബെയ്ദൂൻ ട്വീറ്റ് ചെയ്തു.
2015 മൊറോക്കോ ദേശീയ ടീമിലെത്തിയ ഹക്കിം സിയേഷ് ഇതുവരെ ലഭിച്ച ശമ്പളവും ഇത്തരത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതായാണ് റിപ്പോർട്ടുകൾ. ടീമിന്റെ പരിശീലന സമയങ്ങളിലടക്കം ലഭിക്കുന്ന ബോണസ് തുക ജീവകാരുണ്യ പ്രവർത്തനത്തിനും ടീമിലെ മറ്റ് ജീവനക്കാർക്കും നൽകാറാണ് പതിവ്.
പ്രീമിയർ ലീഗിൽ ചെൽസിയുടെ താരമാണ് സീയേഷ്. 2020-21 സീസണിലാണ് ചെൽസിയിലേക്ക് അദ്ദേഹം ചേക്കേറിയത്. 40 ദശലക്ഷം പൗണ്ടിനായിരുന്നു കൈമാറ്റം. അഞ്ചു വർഷത്തേക്കാണ് ചെൽസിയുടെ കരാർ.
0 Comments