NEWS UPDATE

6/recent/ticker-posts

ഇറാന്റെ തോല്‍വി ആഘോഷിക്കുന്നതിനിടെ സാമൂഹികപ്രവര്‍ത്തകന്‍ വെടിയേറ്റ്‌ കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: 2022 ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്ന് ഇറാന്‍ പുറത്തായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തകര്‍ നടത്തിയ ആഘോഷപരിപാടിയ്ക്കിടെ ഒരാള്‍ കൊല്ലപ്പെട്ടു. സാമൂഹ്യപ്രവര്‍ത്തകനായ മെഹ്‌റാന്‍ സമക്കാണ് കൊല്ലപ്പെട്ടത്. ഇറാനിലെ ബന്ദര്‍ അന്‍സാലിയില്‍ നടന്ന ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ മെഹ്‌റാനെ പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു.[www.malabarflash.com]


സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായാണ് സാമൂഹിക പ്രവര്‍ത്തകര്‍ ഇറാന്റെ തോല്‍വി ആഘോഷിച്ചത്. ഇതിനിടെ കാറിന്റെ ഹോണ്‍ തുടര്‍ച്ചയായി അടിച്ചുകൊണ്ട് മെഹ്‌റാന്‍ ആഘോഷത്തില്‍ പങ്കാളിയായി. ഇതേത്തുടര്‍ന്നാണ് മെഹ്‌റാനെ പോലീസ് വെടിവെച്ചുകൊന്നതെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. തലയില്‍ വെടികൊണ്ട മെഹ്‌റാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഖത്തര്‍ ലോകകപ്പില്‍ ടീമിനെ പിന്തുണയ്ക്കാന്‍ ഇറാനിയന്‍ ആരാധകര്‍ വിമുഖത കാണിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് ബിയിലെ ആദ്യ പോരാട്ടത്തില്‍ ഇറാന്‍ ഫുട്‌ബോള്‍ ടീം സര്‍ക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മത്സരത്തിനിടെ ദേശീയഗാനം ആലപിച്ചിരുന്നില്ല. എന്നാല്‍ വെയ്ല്‍സിനെതിരായ രണ്ടാം മത്സരത്തില്‍ ഇറാന്‍ മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിച്ചു. ഇതാണ് ഇറാന്‍ ആരാധകരെ ചൊടിപ്പിച്ചത്. ഫുട്‌ബോള്‍ ടീം സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചുവെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം.

നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ഇറാന്‍ വെയ്ല്‍സിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഈ തോല്‍വിയാണ് പ്രതിഷേധക്കാര്‍ ഇറാനില്‍ ആഘോഷിച്ചത്. സ്ത്രീകളുടെ വസ്ത്രനിയമം ലംഘിച്ചെന്നാരോപിച്ച് ഇറാനിലെ മത പോലീസ് കസ്റ്റഡിയിലെടുത്ത 22-കാരിയായ മഹ്‌സ അമിനി കൊല്ലപ്പെട്ടതോടെയാണ് പ്രക്ഷോഭം ശക്തമായത്. ഈ പ്രതിഷേധമാണ് ലോകഫുട്‌ബോള്‍ വേദിയിലേക്കുമെത്തിയത്. അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ വെയ്ല്‍സിനെതിരായ മത്സരം കാണാനെത്തിയ ആരാധകര്‍ മഹ്‌സ അമിനിയുടെ പേരെഴുതിയ ജേഴ്‌സി കൊണ്ടുവന്ന് പ്രതിഷേധിച്ചിരുന്നു. പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള ബോര്‍ഡുകളും സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്നെഴുതിയ ഇറാന്‍ പതാകയും ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചു.

Post a Comment

0 Comments