NEWS UPDATE

6/recent/ticker-posts

അനുഷ്ഠാനത്തിന് ആവേശം പകർന്ന തേങ്ങയേറോടെ പാലക്കുന്ന് മറുപുത്തരിക്ക് സമാപനം

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ മറുപുത്തരിയോടനുബന്ധിച്ച് നടന്ന തേങ്ങയേറ് ആയിരങ്ങൾക്ക്‌ ആവേശം പകർന്ന അനുഷ്ഠാന കാഴ്ചയായി. വിശ്വാസത്തിന്റെയും നേർച്ച സമർപ്പണത്തിന്റെയും ഭാഗമായാണ്‌ ഈ ചടങ്ങ്.[www.malabarflash.com]

 എണ്ണത്തിൽ നിബന്ധനകൾ ഇല്ലെങ്കിലും 25ൽ കുറയാതെ തേങ്ങകളുമായി കഴക പരിധിയിൽ നിന്ന് വിശ്വാസികൾ ക്ഷേത്രത്തിലെത്തി. പള്ളം എരുതുവളപ്പ് തറവാട് കർണവരായ ആലിങ്കാൽ നാരായണനാണ് തേങ്ങ എറിഞ്ഞവരിൽ മൂപ്പൻ. മുപ്പത് വർഷത്തിലേറെയായി മുടങ്ങാതെ തേങ്ങയെരിയുന്നവരിൽ നാരായണനെ കൂടാതെ ഉദുമ വലിയവളപ്പിൽ കൊട്ടൻ കുഞ്ഞിയും പെടും. അവധിയിൽ നാട്ടിലെത്തിയ കപ്പലോട്ടക്കാരനായ കാഞ്ഞങ്ങാട്ടെ കെ. എം.ചന്ദ്രൻ 101 തേങ്ങയുമായി ആദ്യമായി തേങ്ങ എറിയാനെത്തി. കൊപ്പലിലെ സതീശനാണ് കൂട്ടത്തിൽ ഇളയവൻ.

കല്ലിൽ ഉടഞ്ഞു വീഴുന്ന തേങ്ങാ കഷണങ്ങൾ നിശ്ചിത വ്യാസത്തിൽ
അടയാളപ്പെടുത്തിയ വൃത്തത്തിനകത്ത് നിന്ന് അവസാന തേങ്ങ ഏറിയും വരെ ആരും എടുക്കില്ല.പുറത്ത് വീഴുന്നവ മത്സര ആവേശത്തിൽ ആർക്കും സ്വന്തമാക്കാം. എറിയുന്ന തേങ്ങയിൽ ഒന്നെങ്കിലും കല്ലിൽ തൊടാതെ പോയാൽ അടുത്ത വർഷവും തേങ്ങയെറിന്നതാണ് രീതി. തൃക്കണ്ണാടപ്പന്റെ പാദം കുളിർപ്പിക്കുന്ന ചടങ്ങാണിതെന്നാണ് വിശ്വാസം.

പുലർച്ചെ മറുപുത്തരി താലവും കലശവും എഴുന്നള്ളത്തും ഉണ്ടായിരുന്നു.
ഭണ്ഡാരവീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ മറുപുത്തരി ഉത്സവം സമാപിച്ചു.ഭക്തർക്ക്‌ മറുപുത്തരി സദ്യയും വിളമ്പി.

Post a Comment

0 Comments