തളിപ്പറമ്പ്: വൈദ്യശാസ്ത്രത്തെയും കാൽപന്തുകളിയെയും ഒരു പോലെ പ്രണയിച്ച കാമ്പസിൻറെ പ്രിയപ്പെട്ടവൻ ഇനി ഓർമകളിലെ താരം. അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്ന കണ്ണൂർ ഗവ. മെഡിക്കൽ കോളജിൻറെ കളിസ്ഥലത്ത് പന്തുരുട്ടാൻ ഇനി അവനില്ല. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥി മിഫ്സലുറഹ്മാൻറെ മരണമാണ് കാമ്പസിനെയും നാടിനെയും കണ്ണീരണിയിച്ചത്.[www.malabarflash.com]
തളിപ്പറമ്പിലുണ്ടായ വാഹനാപകടമാണ് മിഫ്സലിന്റെ ജീവനെടുത്തത്. അന്ത്യയാത്രയും ഫുട്ബാളിൽ ഉയരങ്ങൾ താണ്ടാനുള്ള ശ്രമത്തിനിടെയായത് യാദൃശ്ചികം. സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിനായുള്ള കേരള ആരോഗ്യ സർവകലാശാല ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നതിനായിരുന്നു യാത്ര. വഴിമദ്ധ്യേ, പാലക്കാട് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ഡീലെക്‌സ് എയര്‍ ബസും മിഫ്‌സലുറഹ്മാന്‍ സഞ്ചരിച്ച ബൈക്കും തമ്മില്‍ ദേശീയപാതയില്‍ തളിപ്പറമ്പ് ഏഴാം മൈലിൽ കൂട്ടിയിടിക്കുകയായിരുന്നു.
രണ്ടുമാസം മുമ്പ് കോഴിക്കോട് നടന്ന കേരള ആരോഗ്യ സർവകലാശാല ഡി സോൺ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മികച്ച കളിക്കാരനായി മിഫ്സലുറഹ്മാൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മൂന്നാം സ്ഥാനത്തെത്തുന്നതിൽ നിർണായക പങ്കുവഹിച്ചത് ടീമിലെ പ്രധാന കളിക്കാരനായ ഈ മെഡിക്കൽ വിദ്യാർഥി ആയിരുന്നു.
മസ്കത്തിൽ ജോലി ചെയ്യുന്ന തളിപ്പറമ്പ് സയ്യിദ് നഗറിലെ ഷെരീഫാസിൽ ഫസൽ റഹ്മാൻ-മുംതാസ് ദമ്പതികളുടെ മകനാണ് മിഫ്സൽ. റബീഹ്, ഇസാൻ, ഷൻസ എന്നിവർ സഹോദരങ്ങളാണ്.
ആകസ്മിക വിയോഗത്തെത്തുടർന്ന് മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് തിങ്കളാഴ്ച പ്രിൻസിപ്പൽ അവധി നൽകി. ഉച്ചയ്ക്ക് ഒന്നുമുതൽകോളജ് അക്കാദമിക് ബ്ലോക്കിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു.
പ്രിൻസിപ്പൽ ഡോ. എസ്. പ്രതാപ്, വൈസ് പ്രിൻസിപ്പൽ ഡോ. ഷീബാ ദാമോദർ, ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ്, മുൻ എം.എൽ.എ ടി.വി. രാജേഷ്, ഡന്റൽ കോളജ് പ്രിൻസിപ്പൽ ഡോ. പി. സജി, മെഡിക്കൽ കോളജ് പി.ടി.എ ഭാരവാഹികൾ, വിവിധ കോളജ് യൂനിയൻ ഭാരവാഹികൾ, ജീവനക്കാരുടെ സംഘടനകൾ തുടങ്ങിയവർ മൃതദേഹത്തിൽ പുഷ്പചക്രമർപ്പിച്ചു. നൂറുകണക്കിന് വിദ്യാർഥികളും ജീവനക്കാരുമാണ് അക്കാദമിക് ബ്ലോക്കിലെത്തി അന്തിമോപചാരമർപ്പിച്ചത്.
അകാലത്തിൽ വിടപറഞ്ഞ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥി മിഫ്സലുറഹ്മാന്റെ വിയോഗത്തിൽ എം. വിജിൻ എം.എൽ.എ, പ്രിൻസിപ്പൽ ഡോ.എസ്. പ്രതാപ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് തുടങ്ങിയവർ അനുശോചിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് മെഡിക്കൽ കോളജിലെ മെഡിക്കൽ എജുക്കേഷൻ ഹാളിൽ അനുശോചനയോഗം നടക്കും .
0 Comments