ആമ്പല്ലൂർ (തൃശൂർ): സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാൻ പിതാവിനോടൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. ആമ്പല്ലൂർ വടക്കുമുറി പുത്തൻപറമ്പിൽ സുനിലിന്റെ മകൾ ശിവാനിയാണ് (13) മരിച്ചത്.[www.malabarflash.com]
നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതൻ സ്കൂൾ വിദ്യാർഥിയാണ് ശിവാനി. സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടം.
വെള്ളിയാഴ്ച രാവിലെ പത്തരയോടെ ദേശീയപാത പുതുക്കാട് ഗ്രൗണ്ടിന് സമീപമാണ് അപകടം. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ലോറിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തെ തുടർന്ന് നിർത്താതെ പോയ ലോറി പിന്നീട് പുതുക്കാട് പോലീസ് പിടികൂടി. എന്നാൽ, ലോറി സ്കൂട്ടറിൽ ഇടിച്ചിട്ടില്ലെന്നും നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്നും ലോറി ഡ്രൈവർ പറഞ്ഞതായി പൊലീസ് പറഞ്ഞു. ഇക്കാര്യത്തിൽ സ്ഥിരീകരണം ആവശ്യമാണെന്നും പോലീസ് അറിയിച്ചു.
അപകടത്തെ തുടർന്ന് റോഡിൽ വീണ ഇരുവരെയും കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിവാനിയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സുനിൽ ചികിത്സയിലാണ്. സജിതയാണ് ശിവാനിയുടെ അമ്മ.
0 Comments