NEWS UPDATE

6/recent/ticker-posts

ബോധം കെടല്‍ നാടകം, തിരക്കിനിടയില്‍ നൈസായി മാല പൊട്ടിക്കും; മൂന്നംഗ സംഘത്തെ പൊക്കി പോലീസ്

കൊച്ചി: ബസിലും പൊതു ഇടങ്ങളിലും തിക്കും തിരക്കും സൃഷ്ടിച്ച് മാല പൊട്ടിക്കുന്ന മൂന്നംഗ സംഘം അറസ്റ്റിൽ. ട്രിച്ചി സമയൽപുരം ദേവി (39), ശാന്തി (27), അനു (22) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വൃദ്ധയുടെ കഴുത്തിൽ നിന്ന് രണ്ടു പവന്‍റെ മാലയും, ബസ് യാത്രികയായ മധ്യവയസ്ക്കയുടെ നാലരപ്പവന്‍റെ മാലയുമാണ് ഇവർ മോഷ്ടിച്ചത്.[www.malabarflash.com]


വളരെ തന്ത്രപരമായാണ് മൂവര്‍ സംഘം മോഷണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതെന്ന് പെരുമ്പാവൂര്‍ പോലീസ് ഇൻസ്പെക്ടർ ആർ.രഞ്ജിത് പറഞ്ഞു. പെരുമ്പാവൂരിലെ ആശുപത്രിയിലെത്തിയ മോഷണ സംഘത്തിലൊരാൾ രോഗികളുടെയും മറ്റും തിരക്കുള്ള ഭാഗത്ത് എത്തിയപ്പോള്‍ കുഴഞ്ഞ് വീഴുന്നതായി അഭിനയിച്ചു. അത് കണ്ട് ആളുകൾ ഓടിക്കൂടിയപ്പോൾ സംഘത്തിലെ മറ്റൊരു സ്ത്രീ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ബസിലും തിരക്ക് കൂട്ടിയാണ് മാല കവർന്നത്.

പുതിയ മോഷണത്തിന് പദ്ധതിയിടുമ്പോഴാണ് മൂവരും പോലീസിന്‍റെ പിടിയിലാകുന്നത്. പ്രതികളിലൊരാളായ ശാന്തി കഴിഞ്ഞ മാസമാണ് ജയിലിൽ നിന്നിറങ്ങിയത്. ഇൻസ്പെക്ടർ ആർ.രഞ്ജിത്, എസ്.ഐമാരായ റിൻസ്.എം.തോമസ്, ജോസി.എം.ജോൺസൻ , സി.ജെ.ലില്ലി എ.എസ്.ഐ അനിൽ.പി.വർഗീസ്, എസ്.സി.പി.ഒ മാരായ പി.എ.അബ്ദുൾ മനാഫ്, കെ.എസ്.സുധീഷ്, കെ.പി.അമ്മിണി, മൃദുല കുമാരി, ചിഞ്ചു.കെ.മത്തായി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Post a Comment

0 Comments