കൊച്ചി: ഈ മാസം 30, 31 തീയ്യതികളിൽ നടക്കുന്ന ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്കിന് മുന്നോടിയായി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി എസ്.ബി.ഐ. 28ന് നാലാം ശനിയും 29ന് ഞായറാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്. അടുത്ത രണ്ട് ദിവസം പണിമുടക്കുംകൂടി ഉണ്ടായാൽ തുടർച്ചയായി നാല് ദിവസം രാജ്യത്ത് ബാങ്കുകളുടെ പ്രവർത്തനം മുടങ്ങിയേക്കും.[www.malabarflash.com]
മാസാവസാനം ആയതിനാല്‍ ഈ ദിവസങ്ങളില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നവര്‍ ഈ ദിവസങ്ങൾക്ക് മുമ്പ് ഇടപാടുകള്‍ നടത്താന്‍ ശ്രദ്ധിക്കണമെന്നും എസ്ബിഐ അധികൃതര്‍ അറിയിച്ചു.
പ്രതിമാസ അടവുകള്‍, ഇഎംഐ, ഡെപ്പോസിറ്റ്, പണം പിന്‍വലിക്കല്‍ തുടങ്ങിയ ഇടപാടുകള്‍ ഈ ദിവസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിന് മുന്‍പ് നടത്താന്‍ ശ്രമിക്കണം എന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം ബാങ്കില്‍ സാധാരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും എസ്ബിഐ അധികൃതര്‍ അറിയിച്ചു.
പതിനൊന്നാം ശമ്പള പരിഷ്‌കരണം, ബാങ്കുകളില്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുക, നിയമന നടപടികള്‍ ആരംഭിക്കുക, തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്. രാജ്യത്തെ ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യു.എഫ്.ബി.യു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യു.എഫ്.ബി.യു ഉന്നയിച്ച വിവിധ ആവശ്യങ്ങളിൽ നടപടി എടുക്കുന്നതിലും ചർച്ചകളിൽ പുരോഗതി ഉണ്ടാക്കുന്നതിലും ബാങ്ക് മാനേജ്മെന്റുകളുടെ സംയുക്ത വേദിയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ) പുലർത്തുന്ന നിസ്സംഗതയും മൗനവുമാണ് പണിമുടക്കാഹ്വാനത്തിന് കാരണമായി പറയുന്നത്.
0 Comments