ലണ്ടൻ: ബ്രിട്ടനിലെ ഡയാന രാജകുമാരിയുടെ ഗൗൺ ലേലം ചെയ്തത് ആറു ലക്ഷം ഡോളറിന് (ഏകദേശം 4.9 കോടി രൂപ). 1997ൽ വാനിറ്റി ഫെയർ ഫോട്ടോഷൂട്ടിൽ ഡയാന ധരിച്ച പർപ്പിൾ വെൽവെറ്റ് ഗൗൺ ആണ് വൻ തുകക്ക് വിറ്റത്. ന്യൂയോർക് ആസ്ഥാനമായ ലേല വെബ്സൈറ്റ് സോതെബി 80,000 മുതൽ 1,20,000 ഡോളർ വരെയാണ് മതിപ്പുവില കണക്കാക്കിയിരുന്നത്.[www.malabarflash.com]
വെള്ളിയാഴ്ച നടന്ന ലേലത്തിൽ പ്രതീക്ഷിച്ചതിന്റെ അഞ്ചിരട്ടി ലഭിച്ചു. 1982 മുതൽ 1993 വരെ ഡയാനയുടെ ഫാഷൻ ഡിസൈനറായിരുന്ന ബ്രിട്ടീഷ് ഡിസൈനർ വിക്ടർ എഡെൽസ്റ്റിനാണ് വസ്ത്രം രൂപകൽപന ചെയ്തത്. ഡയാനയുടെ വസ്ത്രങ്ങൾ മുമ്പും വൻതുകക്ക് വിറ്റുപോയിട്ടുണ്ട്. അതിൽ ഏറ്റവും ഉയർന്ന തുക ഇത്തവണത്തേതാണ്. 2019ൽ അവരുടെ കറുത്ത ഗൗൺ 3,47,000 ഡോളറിന് ലേലംചെയ്തിരുന്നു. 1997ലാണ് ഡയാനയുടെ വസ്ത്രങ്ങൾ ലേലംചെയ്യാൻ ആരംഭിച്ചത്. ആദ്യ ലേലത്തിൽ 24,150 ഡോളർ ലഭിച്ചു.
കാൻസർ, എയിഡ്സ് ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി അവരുടെ 79 ഗൗണുകൾ ലേലത്തിൽ വിറ്റ് 30 ലക്ഷം ഡോളറാണ് സമാഹരിച്ചത്. ചാൾസ് രാജകുമാരന്റെ ആദ്യ ഭാര്യയായിരുന്ന ഡയാന സ്പെൻസർ വെയിൽസിലെ രാജകുമാരി എന്നാണ് അറിയപ്പെട്ടിരുന്നത്.
1996 ആഗസ്റ്റ് 28ന് ചാൾസ് രാജകുമാരനിൽനിന്ന് വിവാഹമോചനം തേടി. 1997 ആഗസ്റ്റ് 31ന് ഫ്രാൻസിലെ പാരിസിൽ കാറപകടത്തിൽ ഡയാന മരിച്ചു.
0 Comments