NEWS UPDATE

6/recent/ticker-posts

മുന്‍ കേന്ദ്രമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ശരത് യാദവ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ശരത് യാദവ് (75) അന്തരിച്ചു. മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്ന അദ്ദേഹം ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാവ് കൂടിയാണ്. മകള്‍ സുഭാഷിണി ശരത് ട്വിറ്ററിലൂടെയാണ് മരണ വിവരം പുറത്തുവിട്ടത്.[www.malabarflash.com]

എല്‍ജെഡി മുന്‍ ദേശീയ അധ്യക്ഷന്‍ കൂടിയാണ്. ഏഴു തവണ ലോക്സഭയിലേക്കും നാലു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

1974-ല്‍ ജബല്‍പുരില്‍ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ ജയപ്രകാശ് നാരായണന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥിയായിട്ടാണ് പൊതുരംഗപ്രവേശനം. 1974-ല്‍ ജബല്‍പുരില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി ലോക്സഭയില്‍ അംഗമായി.

ജനതാദളിലെ പിളര്‍പ്പിനെത്തുടര്‍ന്ന് 1997-ല്‍ നിതീഷ് കുമാറിനൊപ്പം ജനതാദള്‍ യുണൈറ്റഡ് (ജനതാദള്‍-യു.) സ്ഥാപിച്ചു. 2003 മുതല്‍ 2016 വരെ ജെ.ഡി.യു. അധ്യക്ഷനായിരുന്നു.

2017-ല്‍ നിതീഷ്‌കുമാറുമായുള്ള ഭിന്നത രൂക്ഷമായി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിതീഷ് കുമാര്‍ വിഭാഗത്തിന്റെ ജെ.ഡി.യു.വിനെ ഔദ്യോഗിക പാര്‍ട്ടിയായി അംഗീകരിച്ചു. ശരദ് യാദവിനെതിരേ, പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനത്തിന് നിതീഷ് വിഭാഗം പരാതിനല്‍കിയതോടെ രാജ്യസഭാംഗത്വം നഷ്ടമായി. പിന്നീട് ലോക്താന്ത്രിക് ജനതാദള്‍ രൂപവത്കരിച്ചു. 2018-ല്‍ പഴയ സഹപ്രവര്‍ത്തകനായ ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദളില്‍ ചേര്‍ന്നു.

എന്‍.ഡി.എ. കണ്‍വീനര്‍, ജെ.ഡി.യു. രാജ്യസഭാകക്ഷിനേതാവ്, ജനതാദള്‍ പാര്‍ലമെന്ററി പാര്‍ട്ടിനേതാവ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1989-'90 വര്‍ഷങ്ങളില്‍ വി.പി. സിങ് മന്ത്രിസഭയിലും ടെക്സ്‌റ്റൈല്‍സ് ആന്‍ഡ് ഫുഡ് പ്രൊസസിങ് വകുപ്പ് മന്ത്രിയായിരുന്നു. 1999-2004 കാലഘട്ടത്തില്‍ വാജ്‌പേയ് സര്‍ക്കാരില്‍ വ്യോമയാന, തൊഴില്‍, ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രിയായിരുന്നു.

മധ്യപ്രദേശിലെ ഹോഷന്‍ഗാബാദ് ജില്ലയിലെ ബാബെയില്‍ 1945 ജൂലായ് ഒന്നിനാണ് യാദവിന്റെ ജനനം. ജബല്‍പുര്‍ എന്‍ജിനിയറിങ് കോളേജില്‍നിന്ന് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ് ബിരുദം നേടിയ അദ്ദേഹം ബിരുദാനന്തരബിരുദം നേടിയത് ഗണിതത്തിലാണ്. ഭാര്യ: രേഖ. മക്കള്‍: സുഭാഷിണി, ശന്തനു.

Post a Comment

0 Comments