ദുബൈ: പോലീസില്‍ നിന്നാണെന്ന പേരില്‍ ഫോണ്‍ വിളിച്ച തട്ടിപ്പുകാരുടെ കെണിയില്‍ വീണ മലയാളി കുടുംബത്തിന് നഷ്ടമായത് വന്‍തുക. ഭീഷണിപ്പെടുത്തി ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈക്കലാക്കിയ തട്ടിപ്പുകാര്‍ 14,600 ദിര്‍ഹത്തിലധികം തുക പിന്‍വലിച്ച ശേഷമാണ് കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ സാധിച്ചത്. വിവിധ രേഖകള്‍ ചോദിച്ച ശേഷം പലതവണ വിളിച്ചും ഏറ്റവുമൊടുവില്‍ ഭീഷണിപ്പെടുത്തിയുമാണ് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈക്കലാക്കിയത്.[www.malabarflash.com]
ദുബൈയില്‍ താമസിക്കുന്ന ഒരു മലയാളി കുടുംബത്തിലെ അംഗമായ യുവതിക്കാണ് ഫോണ്‍ കോള്‍ ലഭിച്ചത്. ദുബൈ പോലീസില്‍ നിന്നാണെന്നും ചില സുരക്ഷാ പദ്ധതികളുടെ ഭാഗമായി വിവരങ്ങള്‍ അന്വേഷിക്കാനാണെന്നും പറഞ്ഞു. ഇത് സംബന്ധിച്ച മെസേജ് അയച്ചിരുന്നുവെന്ന് കൂടി പറഞ്ഞ ശേഷം വിവരശേഖരണത്തിനായി പാസ്‍പോര്‍ട്ട്, എമിറേറ്റ്സ് ഐഡി തുടങ്ങിയവയുടെ വിവരങ്ങള്‍ ചോദിച്ചു. ഈ രേഖകളെല്ലാം തന്റെ ഭര്‍ത്താവിന്റെ കൈവശമാണെന്നും അദ്ദേഹം ഇപ്പോള്‍ മറ്റൊരിടത്താണെന്നും പറഞ്ഞപ്പോള്‍ എന്ത് രേഖയാണ് കൈയില്‍ ഉള്ളതെന്നായി ചോദ്യം. ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ സ്വരം ഭീഷണിയുടേതായി മാറി.
ഇപ്പോള്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നും ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെട്ട് എല്ലാവരെയും നാടുകടത്തുമെന്നും വിളിച്ചയാള്‍ പറഞ്ഞു. തുടര്‍ന്ന് താമസം സംബന്ധിച്ച വിവരങ്ങള്‍ ചോദിക്കുകയും ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. താന്‍ ഭര്‍ത്താവിന്റെ കാര്‍ഡുകളാണ് ഉപയോഗിക്കുന്നതെന്ന് യുവതി പറഞ്ഞപ്പോള്‍ അതിന്റെ വിശദ വിവരങ്ങള്‍ വേണമെന്നായി അടുത്ത ആവശ്യം. അതിന് വഴങ്ങാതെ യുവതി കോള്‍ കട്ട് ചെയ്തു.
എന്നാല്‍ പിന്നെ നിരവധിതവണ പോലീസില്‍ നിന്നെന്ന് അവകാശപ്പെട്ട് ഫോണ്‍കോളുകള്‍ വന്നു. ഇതിനിടെ ഭര്‍ത്താവിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ജോലിത്തിരക്കുകളിലായിരുന്നതിനാല്‍ അദ്ദേഹത്തിന് ഫോണെടുക്കാന്‍ സാധിച്ചില്ല. പലതവണ കോള്‍ വന്നപ്പോള്‍ യുവതി വീണ്ടും അറ്റന്‍ഡ് ചെയ്‍തു. മറുതലയ്ക്കലില്‍ നിന്ന് ദേഷ്യത്തോടെയുള്ള സംസാരവും തുടര്‍ന്ന് കാര്‍ഡിന്റെ വിവരങ്ങളും അന്വേഷിച്ചു. ഇവ പറഞ്ഞുകൊടുത്തതിന് തൊട്ടു പിന്നാലെ ദുബൈ സ്‍മാര്‍ട്ട് ഗവണ്‍മെന്റിലേക്ക് പണം പിന്‍വലിച്ചുവെന്ന് അറിയിച്ചുകൊണ്ടുള്ള മെസേജ് കാര്‍ഡ് ഉടമയായ ഭര്‍ത്താവിന്റെ ഫോണിലേക്ക് എത്തി.
ഒടിപി പോലും ആവശ്യപ്പെടാതെ കാര്‍ഡില്‍ നിന്ന് തുടരെതുടരെ പണം പിന്‍വലിക്കപ്പെടാന്‍ തുടങ്ങിയതോടെ ബാങ്കില്‍ വിളിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യിച്ചു. എന്നാല്‍ അതിനോടകം തന്നെ 14,600 ദിര്‍ഹം തട്ടിപ്പുകാര്‍ കൈക്കലാക്കി കഴിഞ്ഞിരുന്നു. ബാങ്കിനും പോലീസിനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
0 Comments