NEWS UPDATE

6/recent/ticker-posts

‘കശ്മീരിലൂടെ നടക്കാൻ ബിജെപിക്കാർ ഭയപ്പെടും: ജനങ്ങൾ ഗ്രനേഡല്ല, സ്നേഹമാണ് നൽകിയത്’

ശ്രീനഗർ: ഭാരത് ജോഡോ യാത്രയ്ക്കു നല്‍കിയ പിന്തുണയ്ക്കു നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. ‘‘3500 കിലോമീറ്റര്‍ പിന്നിടാനാകുമെന്ന് ഉറപ്പില്ലായിരുന്നു. ജനങ്ങളുടെ പിന്തുണയാണ് യാത്ര പൂര്‍ത്തിയാക്കാന്‍ കാരണം. ജനങ്ങള്‍ നല്‍കിയ സ്നേഹം തന്നെ പലപ്പോഴും വികരാധീനനാക്കി.’’– കനത്ത മഞ്ഞുവീഴ്ചയെ അവഗണിച്ച ശ്രീനഗറില്‍ നടന്ന സമാപന സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.[www.malabarflash.com]


ഒരു ബിജെപി നേതാവും ജമ്മു കശ്മീരിലൂടെ നടക്കില്ലെന്നു രാഹുൽ ഗാന്ധി പറഞ്ഞു. തന്റേതുപോലുള്ള യാത്രയ്ക്ക് ബിജെപി നേതാക്കൾ ഭയപ്പെടും. കശ്മീരിൽ വച്ച് ആക്രമണം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ ജനങ്ങൾ ഗ്രനേഡല്ല, അവരുടെ ഹൃദയം നിറഞ്ഞ സ്നേഹമാണ് നൽകിയത്. ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും രക്തസാക്ഷിത്വവും രാഹുൽ ഓർമിച്ചു. പ്രിയപ്പെട്ടവർ കൊല്ലപ്പെട്ടതിന്റെ വേദന അറിഞ്ഞവരാണ് താനും പ്രിയങ്കയും. നരേന്ദ്ര മോദിക്കോ അമിത് ഷായ്ക്കോ അജിത് ഡോവലിനോ ആ വേദന അറിയില്ലെന്നും രാഹുൽ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ശ്രീനഗറിലെ കോണ്‍ഗ്രസ് ഓഫിസില്‍ പതാക ഉയര്‍ത്തിയാണ് സമാപന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മെഗാറാലിയിൽ വിവിധ പ്രതിപക്ഷ കക്ഷി നേതാക്കൾ പങ്കെടുത്തു. സിപിഎം വിട്ടുനിന്നപ്പോള്‍ സിപിഐയെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി ഡി.രാജ പങ്കെടുത്തു. കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി, ആര്‍എസ്പിയില്‍നിന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എന്നിവരും മറ്റ് പ്രതിപക്ഷകക്ഷികളിലെ അംഗങ്ങളും സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും റാലിയിൽ സംസാരിച്ചു.

കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ശ്രീനഗര്‍ ജമ്മു ദേശീയപാത അടച്ചു. വിമാന സര്‍വീസുകളെയും ബാധിച്ചു. സമാപന സമ്മേളനത്തിന് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന പല പ്രതിപക്ഷ നേതാക്കൾക്കും എത്തിച്ചേരാനായില്ല. ഡൽഹിയിൽനിന്നു ശ്രീനഗറിലേക്കുള്ള രണ്ട് വിമാനങ്ങളും വിസ്താര എയർലൈൻസ് റദ്ദാക്കി. ചടങ്ങിലേക്ക് 21 പാർട്ടികളെ ക്ഷണിച്ചിരുന്നുവെങ്കിലും ചിലർ സുരക്ഷാ കാരണങ്ങളാൽ പങ്കെടുക്കുന്നില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ടിഡിപി തുടങ്ങിയ പാർട്ടികളാണ് പങ്കെടുക്കാത്ത പ്രമുഖ കക്ഷികൾ.

Post a Comment

0 Comments