കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ എറണാകുളം സി.ബി.ഐ. കോടതിയിൽ ഫെബ്രുവരി രണ്ടിന് തുടങ്ങും. ഒരുമാസത്തിലധികം വിചാരണ നീളും. കൊലപാതകം നടന്നിട്ട് ഫെബ്രുവരി 17-ന് നാലുവർഷം തികയുന്ന വേളയിലാണ് വിചാരണ തുടങ്ങുന്നത്.[www.malabarflash.com]
കഴിഞ്ഞ ദിവസം സി.ബി.ഐ. പബ്ലിക് പ്രോസിക്യൂട്ടർ ബോബി ജോസഫ് കാഞ്ഞങ്ങാട്ടും കല്യോട്ടുമെത്തി സാക്ഷികളെ കണ്ടു. ചില സാക്ഷികളെ ഹൊസ്ദുർഗ് വിശ്രമമന്ദിരത്തിലേക്ക് വിളിച്ചുവരുത്തി സംസാരിച്ചു. കൊലനടന്ന സ്ഥലവും സന്ദർശിച്ചു. കെ.പി.സി.സി. മുൻ വൈസ് പ്രസിഡന്റും അടുത്തകാലത്ത് സി.പി.എമ്മിലേക്കു മാറുകയും ചെയ്ത അഡ്വ. സി.കെ. ശ്രീധരൻ പ്രതികൾക്കുവേണ്ടി ഹാജരാകുന്നുവെന്ന പ്രത്യേകതയും കേസിനുണ്ട്.
ആദ്യ ദിവസം ഒന്നാം സാക്ഷി ശ്രീകുമാർ കല്യോട്ടിനെയും 104-ാം സാക്ഷി ബാബുരാജ് കല്യോട്ടിനെയും വിസ്തരിക്കും. തുടർവിചാരണ ഫെബ്രുവരി ഏഴിനാണ്. അന്നുതൊട്ട് മൂന്നുദിവസം വിസ്തരിക്കുക ഇരകളുടെ ബന്ധുക്കളെയാണ്. ആദ്യം ശരത്‌ലാലിന്റെ മാതാപിതാക്കളായ പി.കെ. സത്യനാരായണനെയും ലതയെയും സഹോദരി അമൃതയെയും പിന്നാലെ കൃപേഷിന്റെ മാതാപിതാക്കളായ പി.വി. കൃഷ്ണനെയും ബാലാമണിയെയും സഹോദരി കൃഷ്ണപ്രിയയെയും വിസ്തരിക്കും. 2019 ഫെബ്രുവരി 17-നാണ് ഇരട്ടക്കൊലപാതകം നടന്നത്.
സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗമുൾപ്പെടെ 24 പേരാണ് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾ. ഒന്നാം പ്രതി സി.പി.എം. പെരിയ മുൻ ലോക്കൽ കമ്മിറ്റിയംഗം എ. പീതാംബരൻ ഉൾപ്പെടെ 11 പേർ വിയ്യൂർ സെൻട്രൽ ജയിലിലാണ്. ഈ 11 പേരും ജയിലിലായിട്ട് നാലുവർഷമായി. ഒൻപതാം പ്രതി മുരളി തന്നിത്തോടിന് ഇയാളുടെ പിതാവിന്റെ മരണത്തെ തുടർന്ന് ഒരു ദിവസത്തെ ഇടക്കാല ജാമ്യം കിട്ടിയതൊഴിച്ചാൽ പ്രതികളാരും ഒരിക്കൽപോലും പുറത്തിറങ്ങിയിട്ടില്ല.
ലോക്കൽ പോലീസിന്റെയും പിന്നീട് ക്രൈംബ്രാഞ്ചിന്റെയും തുടർന്ന് സി.ബി.ഐ.യുടെയും കൈകളിൽ കേസ് ഡയറി മാറിമാറിയെത്തിയതിനാൽ അതതു സമയത്തെ ജാമ്യാപേക്ഷകളെല്ലാം തള്ളിപ്പോകുകയായിരുന്നു. 11 പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിലാണ് ഉണ്ടായിരുന്നത്. പീതാംബരന് ജയിലിനു പുറത്ത് ആയുർവേദ ചികിത്സ നൽകിയത് വിവാദമായതോടെ മുഴുവൻ പ്രതികളെയും വിയ്യൂരിലേക്കു മാറ്റി.
സി.പി.എം. ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി. രാജേഷ് ഉൾപ്പെടെ സി.ബി.ഐ. അറസ്റ്റു ചെയ്ത അഞ്ചു പ്രതികളും കാക്കനാട് സബ് ജയിലിലാണുള്ളത്. ഇവർ ജയിലിലായിട്ട് ഒന്നേകാൽ വർഷമായി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവും മുൻ എം.എൽ.എ.യുമായ കെ.വി. കുഞ്ഞിരാമൻ, ഉദുമ മുൻ ഏരിയ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറിയായിരുന്ന എൻ. ബാലകൃഷ്ണൻ ഉൾപ്പെടെ എട്ടുപേർ ജാമ്യത്തിലാണ്.
0 Comments