തിരുവനന്തപുരം: പളനിയിൽ പോകാൻ നേർച്ച കാശിനു എത്തിയ ആൾ വീട്ടിൽ തനിച്ചുണ്ടായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കടന്നു പിടിച്ച് ആക്രമിക്കാൻ ശ്രമിച്ചു. അക്രമിയെ തള്ളിമാറ്റി പെൺകുട്ടി അയൽവീട്ടിലെത്തി കാര്യം അറിയിച്ചു. ഇതിനിടയിൽ ഓടി രക്ഷപ്പെട്ട യുവാവിനെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.[www.malabarflash.com]
പ്രതിയുടെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് പട്ടാപ്പകൽ ആണ് ഇത്തരത്തിലൊരു ആക്രമണം നടന്നിരിക്കുന്നത്. ഹോളി ഏഞ്ചൽസ് സ്കൂളിന് സമീപമാണ് സംഭവം. ഇതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെയാണ് അക്രമ ശ്രമം നടന്നത്. സംഭവ സമയം കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയിരുന്നു. മോഡല്‍ പരീക്ഷയായതിനാല്‍ വീട്ടിൽ കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്.
ഉച്ചയ്ക്ക് 12:30 മണിയോടെ പഴനിയില്‍ പോകാന്‍ നേര്‍ച്ചക്കാശിനെന്നു പറഞ്ഞാണ് ഒരാൾ വീടിന്‍റെ വാതിലില്‍ മുട്ടിയത്. ഇയാളുടെ കൈയിലൊരു തട്ടത്തിൽ കുറെ ഭസ്മവും ഉണ്ടായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കുട്ടി, ഇയാൾ നെറ്റിയിൽ കുറി തൊടാനെന്ന ഭാവത്തിൽ അടുത്ത് വന്നപ്പോൾ പുറത്തിറങ്ങാൻ ആവശ്യപെട്ടു. പൊടുന്നനെ ഇയാൾ കുട്ടിയുടെ രണ്ടു കൈയിലും കടന്നുപിടിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ആദ്യം ഒന്ന് പേടിച്ച കുട്ടി പക്ഷേ ധൈര്യം കൈവിടാതെ അക്രമിയെ തള്ളിമാറ്റി ഇറങ്ങി ഓടി അടുത്ത വീട്ടിലെത്തി കാര്യം പറഞ്ഞു. ഇതിനോടകം അക്രമി ഓടി രക്ഷപ്പെട്ടിരുന്നു.
സമീപത്തെ സി സി ടി വി ക്യാമറയിൽ ഓടി രക്ഷപ്പെടുന്ന അക്രമിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഉടൻ തന്നെ വീട്ടുകാർ വഞ്ചിയൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
പ്രതിയെക്കുറിച്ച് കുറിച്ച് അറിയുന്നവർ ഉടൻ വഞ്ചിയൂർ പോലീസിനെ വിവരം അറിയിക്കണമെന്ന് വഞ്ചിയൂര്‍ പോലീസ് അഭ്യര്‍ത്ഥിച്ചു. 9497980031 എന്ന നമ്പറില്‍ ആണ് വിവരമറിയിക്കേണ്ടത്.
0 Comments