NEWS UPDATE

6/recent/ticker-posts

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: തെറ്റായ ജപ്തി നടപടിക്കിരയായി മദ്റസാ അധ്യാപകൻ

കല്‍പ്പറ്റ: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെ തുടർന്ന് നടക്കുന്ന ജപ്തി നടപടിയില്‍ പേര് ചേര്‍ക്കപ്പെട്ട് മദ്റസാ അധ്യാപകൻ. ഹര്‍ത്താലുമായോ നിരോധിത സംഘടനയുമായോ യാതൊരു ബന്ധമില്ലാത്ത മുട്ടില്‍ കുട്ടമംഗലം സ്വദേശി യു പി അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ 14 സെൻ്റ് സ്ഥലവും വീടുമാണ് റവന്യു ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം അളന്ന് നോട്ടീസ് പതിച്ചത്. കേരള മുസ്‌ലിം ജമാഅത്ത് സജീവ പ്രവര്‍ത്തകനും മുട്ടില്‍ യൂനിറ്റ് പ്രസിഡൻ്റുമാണ് അബ്ദുറഹ്മാന്‍ മുസ്‌ലിയാർ.[www.malabarflash.com]


ഹര്‍ത്താലിനോടനുബന്ധിച്ച് പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളില്‍ ഒന്നില്‍ പോലും പ്രതിയോ സാക്ഷിയോ അല്ല ഇയാൾ. ഏതെങ്കിലും കേസില്‍ കോടതിയില്‍ നിന്നോ പോലീസ് സ്‌റ്റേഷനില്‍ നിന്നോ ജാമ്യമോ, ജാമ്യം എടുക്കേണ്ട ആവശ്യമോ ഉണ്ടായിട്ടില്ല. തൻ്റെ സ്വത്തുക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചത് തെറ്റിദ്ധാരണ പ്രകാരമോ ആള് മാറിയത് മൂലമോ ആണെന്നും ഇക്കാര്യത്തില്‍ സത്യാവസ്ഥ ബോധ്യപ്പെട്ട് വസ്തുവകകള്‍ക്ക് നേരെയുള്ള നടപടി അവസാനിപ്പിക്കണമെന്നും തനിക്കും കുടുംബത്തിനും നീതി വേണമെന്നും അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു. 

ഭാര്യയും ആറ് മക്കളുമടങ്ങുന്ന കുടുംബമാണ് അബ്ദുറഹ്മാൻ്റെത്. ജപ്തി നടപടി സംബന്ധിച്ച് മുന്‍കൂര്‍ ഒരു നോട്ടീസ് പോലും ലഭിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് എസ് പി വാക്കു നല്‍കിയിട്ടുണ്ട്.

നിരപരാധിയായ അബ്ദുറഹ്മാൻ്റെ വസ്തുവിന് മേല്‍ നിയമ നടപടി സ്വീകരിച്ചത് തെറ്റാണെന്നും ഈ നടപടികള്‍ നിര്‍ത്തി വെച്ച് കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിരപരാധികള്‍ക്കെതിരെ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല. ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നതായും സംശയിക്കുന്നു. ഇതിനെതിരെ സംഘടന ശക്തമായി പ്രതിഷേധിക്കുന്നതായും അബ്ദുറഹ്മാന് വേണ്ട എല്ലാ നിയമസഹായങ്ങളും ചെയ്ത് നല്‍കുമെന്നും എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ മുഹമ്മദലി ഫൈസി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് യു പി അലി ഫൈസി, ബഷീര്‍ മാണ്ടാട്, മുസ്തഫ കുട്ടമംഗലം എന്നിവര്‍ അറിയിച്ചു.

Post a Comment

0 Comments