NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് കഴകം ക്ഷേത്രത്തിൽ ചെറിയ കലംകനിപ്പ് സമാപിച്ചു

പാലക്കുന്ന് : അടുത്ത മാസം 3ന് നടക്കുന്ന കലംകനിപ്പ് മഹാനിവേദ്യത്തിന് മുന്നോടിയായി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ധനുമാസ കലംകനിപ്പ് സമാപിച്ചു. ഭണ്ഡാരവീട്ടിൽ നിന്ന് പണ്ടാരക്കലം ക്ഷേത്രത്തിൽ സമർപ്പിച്ച ശേഷം കഴക പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് നൂറു കണക്കിന് സ്ത്രീകൾ വ്രതശുദ്ധിയോടെ നിവേദ്യക്കലങ്ങളുമായെത്തി.[www.malabarflash.com]

സമർപ്പണത്തിന് ശേഷം 'മങ്ങണ'ത്തിൽ മാങ്ങ അച്ചാർ ചേർത്ത ഉണക്കലരി കഞ്ഞി പ്രസാദമായി സ്വീകരിച്ച് അവർ വ്രതം അവസാനിപ്പിച്ചു മടങ്ങി. ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങൾക്കും കഞ്ഞി വിളമ്പി.

കലങ്ങളിൽ നിന്ന് വിഭവങ്ങൾ വേർതിരിച്ച്, നിവേദ്യച്ചോറും അടയും ആചാര സ്ഥാനികരുടെ നേതൃത്വത്തിൽ വാല്യക്കാരും ചേർന്ന് പാകം ചെയ്ത് കലങ്ങളിൽ നിറച്ചു. സന്ധ്യാദീപത്തിന് ശേഷം കലശാട്ടും കല്ലൊപ്പിക്കലും അനുബന്ധ ചടങ്ങുകൾക്കും ശേഷം മൂത്ത ഭഗവതിയുടെ പള്ളിയറയിൽ നിന്ന് പണ്ടാരക്കലം ആദ്യം നൽകി. തുടർന്ന് മറ്റുള്ളവരും ഏറ്റുവാങ്ങി വീടുകളിലേക്ക് യാത്ര തിരിച്ചു. 

വസൂരി, മാറാവ്യാധികൾ വിളനാശം തുടങ്ങിയവയിൽ നിന്ന് മോചനം നേടാനും അഭീഷ്ടകാര്യ സിദ്ധിക്കും ദേവിയുടെ അനുഗ്രഹത്തിനുമായാണ്‌ കലംകനിപ്പ് നടത്താൻ പ്രാർഥിക്കുന്നത്.

Post a Comment

0 Comments