മതം , രാഷ്ട്രീയം , വിദ്യാഭ്യാസം , സാമൂഹികം , സാംസ്കാരികം , സംഘടന എന്നീ ആറ് മേഖലകളെ കേന്ദ്രീകരിച്ചുള്ള പഠനങ്ങൾ , പ്രഭാഷണങ്ങൾ , സംവാദങ്ങൾ എന്നിവയാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പ്രധാനമായും ഉണ്ടാകുക. 17 സെഷനുകളിലായി അൻപത് പ്രമുഖർ സംബന്ധിക്കും. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 7000 വിദ്യാർത്ഥികൾ പ്രതിനിധികളായി സംബന്ധിക്കും.
ശനിയാഴ്ച രാവിലെ 8.30 ന് സ്വാഗത സംഘം ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി പതാക ഉയർത്തുന്നതോടെ പരിപാടികൾ ആരംഭിക്കും. ഒൻപത് മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർ ഉദ്ഘാടനം നിർവ്വഹിക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിക്കും.
കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജഅഫർ കീ നോട്ട് അവതരിപ്പിക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ , ടി കെ അബ്ദുർറഹ്മാൻ ബാഖവി സംബന്ധിക്കും.
അൽ ഇസ് ലാം മനുഷ്യനെ കാണുന്ന ദർശനങ്ങൾ എന്ന വിഷയത്തിൽ നടക്കുന്ന പഠനത്തോടെ വിവിധ സെഷനുകൾക്ക് തുടക്കമാകും. സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിർ മുസ് ലിയാർ , സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ സി മുഹമ്മദ് ഫൈസി , അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല , ബഷീർ ഫൈസി വെണ്ണക്കോട് ആദ്യ സെഷനിലെ പഠനങ്ങൾക്ക് നേതൃത്വം നൽകും.
മനുഷ്യന്റെ മതം , രാജ്യത്തിന്റെ മതേതരത്വം എന്ന വിഷയത്തിൽ രണ്ടാമത്തെ സെഷനിൽ സംവാദം നടക്കും. മാധ്യമ പ്രവർത്തകരായ കെ ജെ ജേക്കബ് , ദാമോദർ പ്രസാദ് , മുഹമ്മദലി കിനാലൂർ സംബന്ധിക്കും. മൂന്നാമത് സെഷനിൽ ശരികളുടെ സൗന്ദര്യം എന്ന വിഷയത്തിൽ സംഭാഷണം നടക്കും. മാധ്യമ പ്രവർത്തകരായ രാജീവ് ശങ്കരൻ , കെ.സി സുബിൻ , എസ് ശറഫുദ്ദീൻ പങ്കെടുക്കും. ചിന്തയുടെ ചിറകുകൾ എന്ന വിഷയത്തിൽ നടക്കുന്ന നാലാമത് സെഷനിൽ അബ്ദുള്ള വടകര പ്രഭാഷണം നടത്തും. ആശയങ്ങൾ ജയിച്ച കാലങ്ങൾ എന്ന വിഷയത്തിൽ നടക്കുന്ന അഞ്ചാമത് സെഷനിൽ വണ്ടൂർ അബ്ദുർ റഹ്മാൻ ഫൈസി , എൻ അലി അബ്ദുള്ള , മജീദ് കക്കാട് , സുലൈമാൻ സഖാഫി മാളിയേക്കൽ , കലാം മാവൂർ സംസാരിക്കും.
ആത്മ ഗീതങ്ങൾ എന്ന വിഷയത്തിൽ നടക്കുന്ന ആറാമത്തെ സെഷനിൽ സമസ്ത സെക്രട്ടറി പേരോട് അബ്ദുർ റഹ്മാൻ സഖാഫി , എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി , എൻ എം സ്വാദിഖ് സഖാഫി എന്നിവർ പ്രഭാഷണം നടത്തും. രാത്രി 10.30 ന് നടക്കുന്ന സമരത്തെരുവിലെ സംഘഗാനങ്ങൾ ആവിഷ്കാര പരിപാടിയോടെ ആദ്യ ദിവസത്തെ പരിപാടികൾ സമാപിക്കും.
രണ്ടാം ദിവസം രാവിലെ 6 മണിക്ക് അർ റസൂൽ മധുരമുള്ള ചിത്രങ്ങൾ എന്ന വിഷയത്തിൽ എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ഡോ പി എ മുഹമ്മദ് ഫാറൂഖ് നഈമി നടത്തുന്ന പ്രഭാഷണത്തോടെ ആരംഭിക്കും. 7 മണിക്ക് ജനങ്ങൾ , രാഷ്ട്രം വിചാര വിനിമയങ്ങൾ എന്ന വിഷയത്തിൽ ചർച്ച നടക്കും. എം അബ്ദുൽ മജീദ് , ടി എ അലി അക്ബർ , സി ആർ കെ മുഹമ്മദ് എന്നിവർ നേതൃത്വം നൽകും. 9 മണിക്ക് വിദ്യാഭ്യാസം വിദ്യാർത്ഥികൾ പുനരാലോചിക്കുന്നു എന്ന വിഷയത്തിൽ അക്കാദമിക് ടോക് നടക്കും. കേരള കേന്ദ്ര സർവകലാശാല പ്രൊഫസർ ഡോ: അമൃത് ജി കുമാർ , എം മുഹമ്മദ് സ്വാദിഖ് സംസാരിക്കും.
10.30 ന് ഇന്ത്യൻ പൊളിറ്റിക്സ് ഭരണഘടനയാണ് ശരി എന്ന വിഷയത്തിൽ സെമിനാർ നടക്കും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ടി ടി ശ്രീകുമാർ , മുസ്തഫ പി എറായ്ക്കൽ സംസാരിക്കും. ഉച്ചക്ക് 12 മണിക്ക് വെളിച്ചത്തിന്റെ വർത്തമാനങ്ങൾ എന്ന വിഷയത്തിൽ റഹ്മത്തുള്ള സഖാഫി എളമരം പ്രഭാഷണം നടത്തും. 12.30 ന് നവോത്ഥാനത്തിന്റെ നേരുകൾ എന്ന വിഷയത്തിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ പി ജാബിർ , കെ ബി ബഷീർ സംസാരിക്കും. 1.30 ന് തുടർച്ചയുള്ള സമരങ്ങൾ എന്ന വിഷയത്തിൽ സി കെ റാശിദ് ബുഖാരി പ്രഭാഷണം നിർവ്വഹിക്കും.
2.30 ന് സമാപന സംഗമം നടക്കും. സമസ്ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ശേഷം പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിക്കും. സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം , കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ , വിപിഎം ഫൈസി വില്യാപ്പിള്ളി , ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി സംബന്ധിക്കും. തുടർന്ന് നടക്കുന്ന വിദ്യാർത്ഥി റാലിയിൽ ആയിര കണക്കിന് വിദ്യാർത്ഥികൾ അണിനിരക്കും.
0 Comments