NEWS UPDATE

6/recent/ticker-posts

നീലഗിരിയില്‍ കാട്ടാന ആക്രമണം: മലയാളി യുവാവ് കൊല്ലപ്പെട്ടു; ഭയന്നോടി കൊക്കയില്‍വീണ യുവാവിന് പരിക്ക്

ചെന്നൈ: തമിഴ്‌നാട് നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി കേരളാ അതിര്‍ത്തിയില്‍ നാടുകാണിയില്‍ സീ ഫോര്‍ത്ത് എസ്‌റ്റേറ്റിലെ കാട്ടാന ആക്രമണത്തില്‍ നൗഷാദാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ജമാലിന് പരിക്കേറ്റു. ഇരുവരും അമ്പിളിമല സ്വദേശികളാണ്.[www.malabarflash.com]


മുതുമലയില്‍ നിന്നിറങ്ങിയ ബാലകൃഷ്ണന്‍ എന്ന കാട്ടാനയാണ് ആക്രമിച്ചത്. ഓ വാലിയിലെ പ്ലാന്റേഷനില്‍ വാച്ചര്‍മാരാണ് നൗഷാദും ജമാലും. ഡ്യൂട്ടിക്കിടെയാണ് കാട്ടാന ആക്രമിച്ചത്.

ഇരുവരേയും ഒരു കിലോമീറ്ററോളം കാട്ടാന ഓടിച്ചു. നൗഷാദിനെ ചവിട്ടിക്കൊല്ലുകയായിരുന്നു. ജമാല്‍ സമീപത്തെ കൊക്കയിലേക്ക് വീണതിനാല്‍ കാട്ടാനയ്ക്ക് ആക്രമിക്കാന്‍ സാധിച്ചില്ല. വീഴ്ചയിലാണ് ഇയാള്‍ക്ക് പരിക്കേറ്റത്.

വന്യജീവികളുടെ ആക്രമണം തുടര്‍ച്ചയായി ഉണ്ടാവുന്ന പ്രദേശമാണിത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവാവിന്റെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിച്ചു. കാര്യങ്ങള്‍ അന്വേഷിക്കാനെത്തിയ ഡി.എഫ്.ഒ, ഡി.എസ്.പി, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. രണ്ടുകുട്ടികളുള്ള നൗഷാദിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യമുന്നയിച്ചു.

പരിക്കേറ്റ ജമാലിനെ ഗൂഡല്ലൂരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

Post a Comment

0 Comments