NEWS UPDATE

6/recent/ticker-posts

നാലിഞ്ച് മുടി മുറിക്കാന്‍ പോയി മൊട്ടയായി; മോഡലിന് 2 കോടി നഷ്ടപരിഹാരം വേണ്ടെന്ന് സുപ്രീം കോടതി

ദില്ലി: മുടി മുറിച്ചതിലെ തകരാറിന് ആഡംബര ഹോട്ടലിലെ സലൂണിനോട് മോഡലിന് രണ്ട് കോടി രൂപ നല്‍കാനുള്ള ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍റെ വിധി റദ്ദാക്കി സുപ്രീം കോടതി. ദില്ലിയിലെ ആഡംബര ഹോട്ടലായ ഐടിസി മൌര്യയിലെ സലൂണിനെതിരെയാണ് ആഷ്ന റോയി എന്ന മോഡല്‍ പരാതി നല്‍കിയത്.[www.malabarflash.com] 

സലൂണിലെ സേവനങ്ങളില്‍ പരാതി സംബന്ധിച്ച് പരാതിപ്പെട്ടിട്ടും സലൂണിന്‍റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവാത്തതിനേ തുടര്‍ന്നാണ് മോഡലായ യുവതി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. ആവശ്യപ്പെട്ടതിലും അധികം മുടി മുറിച്ചതിനേ തുടര്‍ന്ന് മോഡലിംഗ് മേഖലയിലെ അവസരങ്ങള്‍ നഷ്ടമായെന്നും മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ വിഷാദത്തിന് അടിമയായെന്നുമാണ് യുവതി പരാതിയില്‍ വ്യക്തമാക്കിയത്.

മോഡലിംഗ് രംഗത്തെ നഷ്ടങ്ങള്‍ക്കും മാനസിക വൃഥയ്ക്കുമായി മൂന്ന് കോടി രൂപയാണ് സലൂണില്‍ നിന്ന് നഷ്ടപരിഹാരമായി യുവതി ആവശ്യപ്പെട്ടത്. നാലിഞ്ച് നീളം കുറയ്ക്കണമെന്ന ആവശ്യവുമായാണ് യുവതി സലൂണിലെത്തിയത്. എന്നാല്‍ സലൂണ്‍ ജീവനക്കാര്‍ നാലിഞ്ച് മുടി അവശേഷിപ്പിച്ച് ബാക്കിയുള്ള മുടി മുറിക്കുകയായിരുന്നു. നേരിട്ട അപമാനം, മാനസിക വൃഥ, വരുമാന നഷ്ടം, ജോലി നഷ്ടം എന്നിവയ്ക്ക് പകരമായി നഷ്ടപരിഹാരത്തിനൊപ്പം സലൂണ്‍ മാപ്പ് പറയണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. പരാതിക്ക് പിന്നാലെ മുടി പെട്ടന്ന് നീളം വയ്ക്കാനായി ചെയ്ത ട്രീറ്റ്മെന്‍റ് അലര്‍ജിക്കും കാരണമായതായും യുവതി പരാതിപ്പെട്ടിരുന്നു. 

നീളമുള്ള മുടി ആയിരുന്നതിനാല്‍ വില്‍സിസിയും പാന്‍റീനും അടക്കമുള്ള കമ്പനിയുടെ പരസ്യങ്ങളിലും മോഡലായിരുന്നുവെന്നും യുവതി വ്യക്തമാക്കിയിരുന്നു. മോഡലിംഗ് രംഗത്ത് മികച്ച നിലയിലേക്ക് എത്തണമെന്ന സ്വപ്നം സലൂണിന്‍റെ കൈപ്പിഴവ് കൊണ്ട് നഷ്ടമായെന്നും യുവതി ആരോപിച്ചിരുന്നു. 2021 സെപ്തംബറിലാണ് യുവതിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ പഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചത്.

2018ലായിരുന്നു വിവാദമായ മുടിവെട്ട് നടന്നത്. എന്നാല്‍ വിധിക്കെതിരെ ഹോട്ടല്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. യുവതിക്ക് സംഭവിച്ച നഷ്ടത്തെ മാനിക്കുന്നുവെന്നും എന്നാല്‍ നഷ്ടപരിഹാരത്തുക അധികമാണെന്നുമായിരുന്നു സുപ്രീം കോടതി നിരീക്ഷണം. നഷ്ടപരിഹാത്തുകയെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാനും യുവതിക്ക് സാധിച്ചിരുന്നില്ല. ഇതോടെയാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍റെ വിധി സുപ്രീം കോടതി റദ്ദാക്കിയത്.

Post a Comment

0 Comments