NEWS UPDATE

6/recent/ticker-posts

ഭൂചലനം: തുര്‍ക്കിയിലും സിറിയയിലും മരണനിരക്ക് 2300 കടന്നു, സഹായഹസ്തം നീട്ടി ലോകം

ഇസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനങ്ങളില്‍ മരണനിരക്ക് ഉയരുന്നു. ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം മരണസംഖ്യ 2,300 പിന്നിട്ടു. തുര്‍ക്കിയില്‍ മാത്രം 1,498 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 7,600 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിറിയയില്‍ 430 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,280 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിമത ഭരണപ്രദേശത്ത് 380 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.[www.malabarflash.com]


ഭൂചലനമുണ്ടായ സ്ഥലങ്ങളിലെല്ലാം രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഭൂചലനത്തെത്തുടര്‍ന്ന് കെട്ടിടങ്ങള്‍ തകര്‍ന്നുവീണതാണ് മരണനിരക്ക് ഉയരാന്‍ കാരണം. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാന്‍ ശ്രമങ്ങള്‍ തുടരുന്നുണ്ട്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2,000 വര്‍ഷം പഴക്കമുള്ള ചരിത്രസ്മാരകങ്ങളടക്കം തുര്‍ക്കിയില്‍ ഭൂചലനത്തില്‍ തകര്‍ന്നിട്ടുണ്ട്. ദിയാര്‍ബകിറില്‍ ഷോപ്പിങ് മാള്‍ തകര്‍ന്നുവീണു. ഭൂചലനത്തിന് പിന്നാലെ ഗ്യാസ് പൈപ്പലൈന്‍ തകര്‍ന്ന് തീപ്പിടിത്തമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്.

റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇരുരാജ്യങ്ങളിലും ആദ്യമുണ്ടായത്. പിന്നാലെ ഒരു ഡസനോളം തുടര്‍ചലനമുണ്ടായെന്നാണ് വിവരം. പിന്നീട് റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രതരേഖപ്പെടുത്തിയ ചലനവും 6.0 രേഖപ്പെടുത്തിയ ശക്തിയേറിയ ചലനവുമുണ്ടായി.

നേരത്തെ, തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ മനുഷ്യനാശമുണ്ടാക്കിയ ഭൂചലനങ്ങള്‍ ഉണ്ടായത് 1999-ലും 1939-ലുമാണ്. 1939-ല്‍ 33,000 പേരും 1999-ല്‍ 17,000 പേരും ഭൂചലനത്തിന് പിന്നാലെയുണ്ടായ അപകടങ്ങളില്‍ മരിച്ചിരുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് തുര്‍ക്കി.

ഭൂചലനത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന ഇരുരാജ്യങ്ങള്‍ക്കും സഹായവാഗ്ദാനവുമായി നിരവദി രാജ്യങ്ങള്‍ രംഗത്തെത്തി. അടിയന്തരസാഹചര്യങ്ങളിലെ സഹായങ്ങള്‍ക്കായി ഐക്യരാഷ്ട്രസഭ തയ്യാറാണെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അറിയിച്ചു. ദുരന്തനിവാരണത്തിനായി 100 പേരടങ്ങുന്ന രണ്ട് എന്‍.ഡി.ആര്‍.എഫ്. സംഘങ്ങളെ ഇന്ത്യ അയച്ചിട്ടുണ്ട്. 

ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ഇസ്രയേലും കാനഡയും ഈജിപ്തും ഗ്രീസുമടക്കമുള്ള രാജ്യങ്ങള്‍ സഹായവാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കിടെയ തുര്‍ക്കി അനുഭവിക്കുന്ന ഏറ്റവും ദാരുണദുരന്തമാണ് തിങ്കളാഴ്ചയുണ്ടായതെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിബ് എര്‍ദോഗന്‍ പ്രതികരിച്ചു. 45 രാജ്യങ്ങള്‍ തങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്തതായി അദ്ദേഹം അറിയിച്ചു.

Post a Comment

0 Comments