ലഖ്‌നൗ: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി (പിഎംഎവൈ) യിലൂടെ ലഭിച്ച പണവുമായി ഭര്‍ത്താക്കന്‍മാരെ ഉപേക്ഷിച്ച് നാല് സ്ത്രീകള്‍ കാമുകന്‍മാര്‍ക്കൊപ്പം പോയതായി പരാതി. ഉത്തര്‍പ്രദേശിലെ ബര്‍ബാങ്കി ജില്ലയിലാണ് വിചിത്രമായ സംഭവം നടന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന.[www.malabarflash.com]
പദ്ധതിപ്രകാരം കുടുംബനാഥയുടെ അക്കൗണ്ടിലാണ് തുക വരിക. ഇത്തരത്തില്‍ 50,000 രൂപ ആദ്യ ഗഡു ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് യുപിയില്‍ നാല് സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാരെ ഉപേക്ഷിച്ച് പോയതെന്നാണ് പരാതി.ഇതോടെ ഭര്‍ത്താക്കന്‍മാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. വീടിന്റെ നിര്‍മാണം ഇതുവരെ തുടങ്ങാന്‍ സാധിക്കാതിരുന്നതോടെ ജില്ലാ അര്‍ബന്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സിയില്‍ നിന്ന് ഇവര്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് ലഭിച്ചിട്ടുണ്ട്. അടുത്ത ഗഡു ഭാര്യമാരുടെ അക്കൗണ്ടിലേക്ക് എത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഇപ്പോള്‍ അധികൃതരെ സമീപിച്ചിട്ടുണ്ട്.
ബര്‍ബാങ്കിയിലുള്ള ബെല്‍ഹാര, ബാങ്കി, സയ്ദ്പുര്‍,സിദ്ധൗര്‍ എന്നീ നഗര്‍ പഞ്ചായത്തുകളിലെ സ്ത്രീകളെയാണ് കാണാതായത്. ആദ്യ ഗഡു ലഭിച്ചിട്ടും ഇവരുടെ വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്ത സാഹചര്യത്തിലാണ് ഈ വിചിത്രമായ സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രോജക്ട് ഒഫീസറായ സൗരഭ് ത്രിപാഠി വീട് നിര്‍മാണം ഉടന്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ആദ്യമൊരു നോട്ടീസ് നല്‍കിയെങ്കിലും പ്രതികരണം ഒന്നും ഉണ്ടായില്ല. പിന്നീട് സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ സര്‍ക്കാര്‍ ഓഫീസിലെത്തി അധികൃതരോട് കാര്യങ്ങള്‍ പറഞ്ഞു, 'തങ്ങളുടെ ഭാര്യമാര്‍ അവരുടെ കാമുകന്മാരോടൊപ്പം പോയെന്നും പിഎംഎവൈയുടെ രണ്ടാം ഗഡു ക്രെഡിറ്റ് ചെയ്യരുതെന്നും ആവശ്യപ്പെട്ടു. ഇതോടെ ഈ ഗുണഭോക്താക്കളുടെ പണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ത്രിപാഠി പറഞ്ഞു.
0 Comments