പാലക്കാട്: വിവാഹ വാഗ്ദാനം നൽകി 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നവവധു ചമഞ്ഞ ഭർതൃമതിയായ യുവതി കോങ്ങാട് പോലീസിൻ്റെ പിടിയിലായി. കൊല്ലം കൊട്ടാരക്കര ഇളമാട് കണ്ണംകോട് ഷിബു വിലാസം ശാലിനി (31) ആണ് പോലീസ് പിടിയിലായത്. മുൻപ് ഇവരുടെ ഭർത്താവ് കടമ്പഴിപ്പുറം സ്വദേശി സരിൻ കുമാറിനെ (37) ഈ കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.[www.malabarflash.com]
കഴിഞ്ഞവർഷം ഡിസംബർ ആദ്യവാരത്തിലാണ് അറസ്റ്റിന് ആധാരമായ സംഭവം. കടമ്പഴിപ്പുറം കേന്ദ്രീകരിച്ച് വാടകവീടെടുത്ത് താമസിച്ച് ഭർത്താവുമായി ചേർന്നാണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാരൻ്റെ പണം പല തവണ സാമുഹിക മാധ്യമം വഴിയാണ് തട്ടിയെടുത്തത്. ആദ്യ ഭർത്താവ് വാഹനാപകടത്തിൽ മരിച്ചുവെന്ന് പറഞ്ഞ് വിവാഹാലോചനയുമായി പരസ്യം നൽകിയയാളുടെ സഹതാപം പിടിച്ചുപറ്റി. ചികിത്സ ചെലവ് പലരിൽ നിന്ന് വായ്പ വാങ്ങിയതിനാൽ കടം വീട്ടാൻ പല തവണ പണം ആവശ്യപ്പെട്ടു.
പരാതിക്കാരൻ്റെ പണം മുഴുവനും തീർന്നതോടെ പരസ്യദാതാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്. സംസ്ഥാനത്തിനകത്ത് നിരവധി വിവാഹ തട്ടിപ്പു കേസ്സുകളിൽ പ്രതിയാണ് ശാലിനിയെന്ന് പോലീസ് പറഞ്ഞു. പ്രമുഖ മലയാള പത്രങ്ങളിലെപുനർവിവാഹത്തിന് ആലോചന ക്ഷണിച്ച പരസ്യദാതാവിൻ്റെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടാണ് ആദ്യം പരിചയപ്പെട്ടിരുന്നത്. മധ്യപ്രദേശിൽ അധ്യാപികയായി ജോലി ചെയ്ത് വരുകയാണ് താനെന്ന് പറഞ്ഞു വഞ്ചിച്ചു. വിവാഹം കഴിക്കാൻ തെയ്യാറാണെന്ന് അറിയിച്ചു സ്നേഹം നടിച്ചു കൂടുതൽ സൗഹൃദം പുതുക്കി യാണ് സന്ദേശങ്ങൾ അയച്ചിരുന്നത്.
പ്രതികൾക്കെതിരെ വഞ്ചന കുറ്റത്തിനാണ് കോങ്ങാട് പോലീസ് കേസ് രജിസ്ട്രർ ചെയ്തിരുന്നത്. ഭർത്താവ് പൊലീസ് പിടിയിലായതോടെ യുവതി നാടകീയമായി രക്ഷപ്പെട്ടു ഒളിവിൽ പോയി. പ്രതിയെ പാലക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. മണ്ണാർക്കാട് ഡി.വൈ.എസ്.പി.വി.എ.കൃഷ്ണദാസ്, കോങ്ങാട് സി.ഐ.വി.എസ്.മുരളിധരൻ, എസ്.ഐ.കെ.മണികണ്ഠൻ, വനിത സിവിൽ പൊലീസ് ഓഫീസർമാരായ അനിത, ലതിക, സി.പി.ഒ.മാരായ സജീഷ്, സുദേവൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
0 Comments