NEWS UPDATE

6/recent/ticker-posts

തൃക്കണ്ണാട് ആറാട്ട് കൊടിയിറങ്ങി; പാലക്കുന്ന് ഭരണിക്ക് ഇന്ന് തുടക്കം

പാലക്കുന്ന് : തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ ആറാട്ടഴുന്നള്ളത്ത് കാണാൻ ആയിരങ്ങളെത്തി. വ്യാഴാഴ്ച്ച രാവിലെ പള്ളിയുണർത്തി അഷ്ടമംഗലത്തോടെ നടതുറന്നു.[www.malabarflash.com]


4ന് ആറാട്ടുബലിയും മറ്റും കഴിഞ്ഞ് പാണി മടക്കി ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്‌ പുറപ്പെട്ടു. യാത്രാ മധ്യേ വിവിധ വിശിഷ്ട സ്ഥാനങ്ങളിൽ ബലിതൂവൽ നടന്നു. കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ആചാരസ്ഥാനിക നർത്തകന്മാർ എഴുന്നള്ളത്തിനെ ആറാട്ടുകടവിലേക്ക് അനുഗമിച്ചു.

താന്ത്രിക വിധി പ്രകാരമുള്ള ആറാട്ട് ചടങ്ങിന് ശേഷം കരിപ്പോടി വനശാസ്താ ക്ഷേത്രത്തിലെയും ശേഷം വെടിത്തക്കാൽ തറയിലെയും ചടങ്ങുകൾ പൂർത്തിയാക്കി പാലക്കുന്ന് ഭണ്ഡാര വീട്ടിൽ നിന്ന് കെട്ടിച്ചുറ്റിയ നർത്തകരും സ്ഥാനികരും പരിവാരസമേതം എഴുന്നള്ളത്തിനെ തൃക്കണ്ണാടെക്ക് അനുഗമിച്ചു. തിടമ്പുനൃത്തത്തിന് ശേഷം പുലർച്ചെ ഉത്സവം കൊടിയിറങ്ങി.

'കമ്പയും കയറും' ഏറ്റുവാങ്ങി ദന്തപ്പടി യജ്‌ഞം പൂർത്തിയാക്കിയ പാലക്കുന്ന് ക്ഷേത്രത്തിലെ നർത്തകർ പരിവാര സമേതം മടങ്ങി. വെള്ളിയാഴ്ച്ച വൈകുന്നേരം ചന്ദ്രഗിരി ശാസ്താ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത്‌ പുറപ്പെടും.രാത്രി 9ന് തെയ്യം കൂടും. ശനിയാഴ്ച ഉച്ചയ്ക്ക് മൂവാളംകുഴിചാമുണ്ഡി തെയ്യം. പുലർച്ചെ തിടമ്പുനൃത്തത്തോടെ സമാപനം.

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ഭരണി ഉത്സവത്തിന് വെള്ളിയാഴ്ച്ച കൊടിയേറും. മുന്നോടിയായി ഉച്ചയ്ക്ക് 3ന് ക്ഷേത്രത്തിൽ ആനപന്തൽ കയറ്റും. സന്ധ്യയ്ക്ക് ശേഷം ഭണ്ഡാര വീട്ടിൽ തെക്കേക്കര പ്രദേശ് തിരുമുൽകാഴ്ചയുടെ ഭാഗമായി തെക്കേക്കര ദുബായ് കമ്മിറ്റി ഭണ്ഡാര വീട്ടിൽ നിർമിച്ച പ്രവേശന കവാടത്തിന്റെയും ഉദുമ പടിഞ്ഞാർക്കര പ്രദേശ് തിരുമുൽകാഴ്ചയുടെ 5 കൈവിളക്കും ദീട്ടികയും മംഗലാപുരം പ്രദേശ് കാഴ്ചകമ്മിറ്റി പടിഞ്ഞാറ്റയുടെ പുറംഭാഗം പിച്ചള പതിച്ചതിന്റെയും മുൻ ഗൾഫ് പ്രവാസികളായ ചെറുകൂട്ടായ്മയുടെ വകയിൽ മൂവാളംകുഴി ചാമുണ്ഡി സ്ഥാന പിച്ചളപതിച്ചതും സമർപ്പണം ചെയ്യും.

രാത്രി 10 നകം മേലെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്പുറപ്പെടും. ക്ഷേത്രത്തിന് പടിഞ്ഞാർ ഭാഗത്ത് പടിഞ്ഞാർക്കര കാഴ്ച കമ്മിറ്റി ക്ഷേത്രത്തിന്റെ പടിഞ്ഞാർ ഭാഗത്ത്‌ നിർമിച്ച ഗേറ്റിന്റെ സമർപ്പണം നടക്കും. 12.30നാണ് 5 ദിവസം നീളുന്ന ഭരണി ഉത്സവത്തിന് കൊടിയേറ്റുക . തുടർന്ന് ആചാര വെടിക്കെട്ടുമുണ്ടാകും.

Post a Comment

0 Comments