NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് ക്ഷേത്ര തിരുമുറ്റത്ത് ഐതിഹ്യപെരുമയിൽ കളംവരയ്ക്കലും കയ്യേൽക്കലും ചുവട് മായ്ക്കലും

പാലക്കുന്ന്: ക്ഷേത്ര തിരുമുറ്റത്ത് ഭീമാകാരമായ നാഗരൂപങ്ങളെ പഞ്ചവർണപ്പൊടികൾ ഉപയോഗിച്ച് കളമെഴുത്തിലൂടെ മൂന്നു ദിവസങ്ങളിലും വരച്ചുണ്ടാക്കും. അനുഷ്ഠാന വിധികളോടെ കളംകയ്യേൽക്കുന്നതും തുടർന്ന് ചുവട് മായ്‌ക്കലും കാണാനാണ് ദേശാതിരുകൾ കടന്ന് ആയിരങ്ങൾ തിങ്കളാഴ്ച്ച ക്ഷേത്രത്തിൽ എത്തുന്നത്.[www.malabarflash.com] 


ശ്രീഭദ്രകാളിയും ദാരികാസുരനും തമ്മിൽ നടന്ന യുദ്ധമാണ് മറ്റെങ്ങുമില്ലാത്ത ഈ അപൂർവ ചടങ്ങിന്റെ ഐതീഹ്യ ചുരുക്കം.ഭൂതബലി ദിവസം മൂത്ത ഭഗവതിയുടെ മുൻപിൽ ഒരു തലയുള്ള സർപ്പവും താലപ്പൊലി നാൾ ഇളയഭഗവതിയുടെ മുൻപിൽ രണ്ട് തലയും ആയിരത്തിരി നാളിൽ വീണ്ടും മൂത്തഭഗവതിയുടെ മുൻപിൽ മൂന്ന് തലയുള്ള സർപ്പത്തെയും സങ്കൽപ്പിച്ചാണ് കളം വരക്കുക.

ക്ഷേത്രകർമി രവീന്ദ്രൻ കളക്കാരനാണ് വരയ്ക്ക് നേതൃത്വം നൽകുന്നത്. സഹായികൾ അദ്ദേഹത്തിന്റെ തറവാട് അംഗങ്ങളും സന്താനങ്ങളുമാണ്.
ദാരിക നിഗ്രഹത്തിന്റെ വിജയാഘോഷമായി കെട്ടിചുറ്റിയ നർത്തകന്മാർ കളംകയ്യേൽക്കും. ശേഷിച്ച ഭാഗം നീക്കുന്നതാണ് ചുവട്മായ്ക്കൽ. ഇത് കാണാനാണ് ആയിരം കാതം നടന്നും ആയിരങ്ങൾ ആയിരത്തിരി നാളിൽ പാലക്കുന്നിലെത്തുന്നതെന്നാണ് പഴമക്കാർ പറഞ്ഞുവരുന്നത്.

ചുവട്മായ്ക്കൽ പൂർത്തിയായാൽ കളത്തിൽ ശേഷിക്കുന്ന പൊടി വിശ്വാസികൾ വീടുകളിൽ കൊണ്ടുപോകും. പ്രേതബാധകൾ അകറ്റിനിർത്താനാണ് ഇതെന്ന് വിശ്വാസം.

ഭരണി ഉത്സവത്തിന്റെ ഭാഗമായുള്ള ആയിരത്തിരിയും തിരുമുൽക്കാഴ്ച സമർപ്പണവും തിങ്കളാഴ്ച്ച നടക്കും. രാവിലെ 7ന് ഉത്സവബലിയും 10ന് കളനാട് തെക്കേക്കര പ്രാദേശിക മാതൃസമിതിയുടെ ലളിതാ സഹസ്രനാമ പാരായണവും 2ന് അമ്പലത്തിങ്കാൽ വൈകുണ്ഠഗിരി വിഷ്ണുക്ഷേത്ര മാതൃസമിതിയുടെ വിഷ്ണു സഹസ്രനാമ പാരായണവും നടക്കും.

4ന് പെരുവന്താനം പോലീസ് ഇൻസ്‌പെക്ടർ സാലിഹ് ബഷീർ സംഗീതാർച്ചന നടത്തും. ഈണം മ്യൂസിക്ക് ഗ്രൂപ്പ്‌ ഒരുക്കി ബഷീർ ആലാപനം ചെയ്യുന്ന 'എന്റെ പാലക്കുന്നമ്മ' ആൽബം പ്രകാശനവും ഉണ്ടാകും. കോവിഡ് മുക്തിക്കായി ക്ഷേത്രത്തിൽ തുലാഭാര നേർച്ച അർപ്പിച്ച വ്യക്തിയാണിദ്ദേഹം. 

രാത്രി 8ന് പൂരക്കളി.11ന് തെക്കേക്കര പ്രദേശ്, 11.45ന് പടിഞ്ഞാർക്കര പ്രദേശ്, 12.30ന് പള്ളിക്കര തണ്ണീർപുഴ, 1.15ന് കീക്കാനം പ്രദേശ്,2ന് മംഗലാപുരം പ്രദേശ് കാഴ്ച സമർപ്പണങ്ങൾ നടക്കും. പുലർച്ചെ 2.30ന് ഉത്സവബലിയും 4ന് ആയിരത്തിരിയും നടക്കും. അതാത് കാഴ്ച കമ്മിറ്റികളുടെയും ക്ഷേത്രം വകയും ആചാര വെടികെട്ടും ഉണ്ടാകും.

കോവിഡ് നിബന്ധനകൾക്ക് ശേഷം നടക്കുന്ന ആയിരത്തിരി നാളിൽ പതിവിലേറെ ജനക്കൂട്ടം ഉണ്ടാകുമെന്നതിനാൽ വിപുലമായ സന്നാഹങ്ങളാണ് പോലീസുമായി സഹകരിച്ച് ഒരുക്കിയിട്ടുള്ളതെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിനകത്തും പരിസരങ്ങളിലും നിരവധി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് . കാഴ്ചഘോഷയാത്രകളുടെ സുഗമമായ സമർപ്പണം ലക്ഷ്യമാക്കി പള്ളം മുതൽ ക്ഷേത്ര കവാടം വരെ നൂറിൽപരം പ്രത്യേക വളന്റിയർമാരെ നിയോഗിക്കും. 

ഉത്സവചടങ്ങുകൾക്ക് കാലതാമസം വരാതെ കാഴ്ച സമർപ്പണങ്ങൾ സമയബന്ധിതമായി നടത്താൻ അതാത് കാഴ്ചകമ്മിറ്റികൾ ഒരുക്കങ്ങൾ നടത്തിവരുന്നുണ്ട്. 

കാസർകോട്, കാഞ്ഞങ്ങാട്,പറമ്പ്, പൊയിനാച്ചി എന്നിവിടങ്ങളിൽ നിന്ന് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments