തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ് വാങ്ങുന്ന വിദ്യാർഥികളെ തേടി കേന്ദ്ര സർക്കാർ നിയോഗിച്ച സംഘം വീടുകളിലേക്ക്. ന്യൂനപക്ഷ, പിന്നാക്ക സ്കോളർഷിപ് പദ്ധതികൾ ഒന്നൊന്നായി കേന്ദ്രം നിർത്തലാക്കുന്നതിനിടെയാണ് ‘ഇമ്പാക്ട് ഇവാല്വേഷൻ സ്റ്റഡി’ എന്ന പേരിൽ തെരഞ്ഞെടുത്ത വിദ്യാർഥികളുടെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്ര സംഘം സന്ദർശനത്തിനെത്തുന്നത്.[www.mlabarflash.com]
പ്രീമെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ് കം മീൻസ് സ്കോളർഷിപ്പുകളുടെ ഗുണഭോക്താക്കളെ ലക്ഷ്യമിട്ടാണ് സന്ദർശനം. മലപ്പുറം, കൊല്ലം, പാലക്കാട്, കോഴിക്കോട്, തൃശൂർ ജില്ലകളിലെ തെരഞ്ഞെടുത്ത സ്ഥാപനങ്ങളിലാണ് സംഘം എത്തുക. സംഘത്തിനാവശ്യമായ സഹായം ലഭ്യമാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ, കോളജ് വിദ്യാഭ്യാസ ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. മൂന്ന് ഡയറക്ടർമാരും അതത് ഡയറക്ടറേറ്റുകൾക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കത്ത് കൈമാറി.
സ്കോളർഷിപ്പുകൾ സൃഷ്ടിച്ച മാറ്റം സംബന്ധിച്ച് പഠനം നടത്താൻ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നാഷനൽ കൗൺസിൽ ഫോർ അൈപ്ലഡ് ഇക്കണോമിക് റിസർച് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇവർ ചുമതലപ്പെടുത്തിയത് പ്രകാരം യൂനിവേഴ്സൽ മേഴ്സി ഫൗണ്ടേഷന്റെ ഫീൽഡ് ഇൻവെസ്റ്റിഗേറ്റർമാരായിരിക്കും വിദ്യാർഥികളുടെ വീടുകളിലും സ്കൂളുകളിലും കോളജുകളിലും എത്തി ഫെബ്രുവരിക്കകം വിവര ശേഖരണം നടത്തുക. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഗവേഷണത്തിന് അനുവദിച്ചിരുന്ന മൗലാന ആസാദ് ഫെലോഷിപ് കേന്ദ്രം സമീപകാലത്ത് നിർത്തലാക്കിയിരുന്നു. പ്രീ മെട്രിക് സ്കോളർഷിപ് ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികൾക്കായി പരിമിതപ്പെടുത്തുകയും ചെയ്തു.
നിലവിൽ പ്രീമെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ് കം മീൻസ് സ്കോളർഷിപ് വാങ്ങുന്ന കുട്ടികളുടെ വീടുകളിൽ വരെ എത്തിയുള്ള പരിശോധനയിൽ വിദ്യാഭ്യാസ സ്ഥാപന മേധാവികളടക്കം സംശയം പ്രകടിപ്പിക്കുന്നു. ഗുണഭോക്താക്കളെ വെട്ടിക്കുറക്കാനും അതുവഴി ഭാവിയിൽ പിന്നാക്ക വിഭാഗ സ്കോളർഷിപ്പുകൾ അവസാനിപ്പിക്കാനുള്ള നീക്കമാണിതെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.
0 Comments