വെള്ളിയാഴ്ച രാവിലെ 10.30-ഓടെ ആക്കുളത്തുവെച്ചാണ് സംഭവം. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകരായ ഹരികൃഷ്ണനും അരവിന്ദും കഴക്കൂട്ടം ഭാഗത്തുനിന്ന് സ്കൂട്ടറിൽ വരുകയായിരുന്നു.
ആക്കുളം കഴിഞ്ഞപ്പോൾ സ്കൂട്ടറിനെ മറികടന്നുപോകാൻ ശ്രമിച്ച കാർയാത്രക്കാരൻ അനൂപ് തുടർച്ചയായി ഹോണടിച്ചത് അഭിഭാഷകരെ പ്രകോപിപ്പിച്ചു. ഭാര്യക്കൊപ്പം കാറിൽ സഞ്ചരിച്ച അനൂപിനെ അഭിഭാഷകർ അസഭ്യ ആംഗ്യം കാണിച്ചു. തുടർന്ന് അനൂപ് കാർ അഭിഭാഷകരുടെ സ്കൂട്ടറിനു മുന്നിൽ കൊണ്ടുനിർത്തി. തർക്കം സംഘർഷത്തിലേക്കെത്തി.
വധിക്കാൻ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും കാണിച്ച് അഭിഭാഷകർ പേട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പിന്നാലെ അനൂപും ഭാര്യയും പരാതി കൊടുത്തു. ഇരുകൂട്ടരുടെയും പേരിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അനൂപിനെയും ഭാര്യയെയും വിട്ടയച്ചു. ഇതറിഞ്ഞ അഭിഭാഷകർ സംഘടിച്ചെത്തി. വൈകീട്ടുമുതൽ സ്റ്റേഷൻ ഉപരോധം തുടങ്ങി.
സംഭവമറിഞ്ഞ് ഡി.സി.പി. അജിത്ത്, എ.സി.പി. ഡി.കെ.പൃഥ്വിരാജ് എന്നിവർ സ്ഥലത്തെത്തി. സമരക്കാരുമായി നടത്തിയ ചർച്ചയിൽ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകി. തുടർന്ന് രാത്രി വൈകി അഭിഭാഷകർ പിരിഞ്ഞുപോയി.
0 Comments