ജുനാഗഢ്: കലാപക്കേസിൽ ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എക്ക് ആറുമാസം തടവ് ശിക്ഷ. സോമനാഥിലെ നിയമസഭാംഗമായ വിമൽ ചുഡാസമക്കും മറ്റു മൂന്നുപേർക്കുമാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സ്നേഹൽ ശുക്ല തടവ് ശിക്ഷ വിധിച്ചത്.[www.malabarflash.com]
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 323 (സ്വമേധയാ മുറിവേൽപ്പിക്കുക), 147 (കലാപം) എന്നിവ പ്രകാരം ചുഡാസമയും കൂട്ടുപ്രതികളായ ഹിതേഷ് പർമർ, മോഹൻ വധേർ, റാംജി ബെറോ എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷയ്‌ക്കെതിരെ സെഷൻസ് കോടതിയിൽ അപ്പീൽ നൽകാൻ ഒരു മാസത്തേക്ക് സമയം അനുവദിച്ചിട്ടുണ്ട്.
ചുഡാസമയും സംഘവും 2010 നവംബർ 7ന് ഗതാഗതക്കുരുക്കിൽ കുടുങ്ങിയതാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. അവിടെ വെച്ച് വാൾ, റിവോൾവറുകൾ തുടങ്ങിയവ ഉപയോഗിച്ച് പരാതിക്കാരനായ മീറ്റ് വൈദ്യയെ ആക്രമിച്ചു എന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ. ചോർവാഡ് പൊലീസ് സ്റ്റേഷനിലാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾ പരാതിക്കാരനെയും മറ്റ് ചിലരെയും ആക്രമിച്ചെന്നും അവരുടെ വാഹനത്തിന് കേടുപാടുകൾ വരുത്തിയെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു
0 Comments