ശ്രീനഗർ: കശ്മീരിൽ വാട്സ്ആപ്പ് വീഡിയോ കോളിലൂടെ പ്രസവമെടുത്ത് ഡോക്ടർ. ഗർഭിണിയായ യുവതിയെ കഠിനമായ മഞ്ഞു വീഴ്ചമൂലം സൗകര്യമുള്ള ആശുപത്രിയിൽ എത്തിക്കാനാവാത്ത സാഹചര്യത്തിലാണ് ഡോക്ടർമാർ വാട്സ് ആപ്പ് വീഡിയോ കോളിലൂടെ പ്രസവം എടുത്തത്.[www.malabarflash.com]
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പ്രസവവുമായി ബന്ധപ്പെട്ട് മുൻപ് ഗുരുതരാവസ്ഥ അനുഭവിച്ചിരുന്ന യുവതിയെ ചികിത്സിക്കണമെന്ന് ആവശ്യപ്പെട്ട് കെരൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വിളിവന്നുവെന്ന് ക്രാൽപോര ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. മിർ മുഹമ്മദ് ഷാഫി പറഞ്ഞു.
കെരൻ ശൈത്യകാലത്ത് കുപ്‌വാര ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കും. അതിനാൽ രോഗിയെ പ്രസവ സൗകര്യങ്ങളുള്ള ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എയർ ആംബുലൻസ് ആവശ്യമാണ്.
എന്നാൽ ശക്തമായ മഞ്ഞുവീഴ്ച ഉണ്ടായത്, എയർ ആംബുലൻസ് വഴി രോഗിയെ കൊണ്ടുപോകുന്നതിന് തടസമായി. തുടർന്ന് പ്രസവമെടുക്കാൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക്ബദൽ മാർഗം തേടേണ്ടി വന്നു.
അങ്ങനെയാണ് ബ്ലോക്ക് മെഡിക്കൽ ഓഫീസറെ വിവരമറിയിക്കുകയും അദ്ദേഹം ക്രാൽപോര ഉപജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. പർവൈസിനെ ബന്ധപ്പെടുകയും ചെയ്യുന്നത്. ഡോക്ടർ വാട്സ് ആപ്പ് കോളിൽ വന്ന്, പ്രസവമെടുക്കാൻ കെരൻ പി.എച്ച്.സിയിലെ ഡോ. അർഷാദ് സോഫിയെയും സ്റ്റാഫിനെയും സഹായിച്ചു.
ആറ് മണിക്കൂറുകൾക്ക് ശേഷം യുവതി ആരോഗ്യമുള്ള പെൺകുഞ്ഞിന് ജൻമം നൽകി. നിലവിൽ അമ്മയും കുഞ്ഞും നിരീക്ഷണത്തിലാണെന്നും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.
0 Comments