ആലപ്പുഴ: ചാരിറ്റി സംഘടനയില്‍നിന്ന് സഹായധനം വാഗ്ദാനംചെയ്ത് വയോധികയുടെ സ്വര്‍ണം കവര്‍ന്നു. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാര്‍ഡ് ആപ്പൂരുവെളിയില്‍ ഷെരീഫയുടെ (60) സ്വര്‍ണമാണു കവര്‍ന്നത്. തിങ്കളാഴ്ച പകല്‍ ഒന്നരയോടെ ആലപ്പുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.[www.malabarflash.com]പെന്‍ഷന്‍ ആവശ്യത്തിനു കയര്‍ത്തൊഴിലാളി ക്ഷേമനിധി ഓഫീസില്‍പോയശേഷം വീട്ടിലേക്കു മടങ്ങാന്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ മാസ്‌ക് ധരിച്ചെത്തിയ ഒരാള്‍ ഷെരീഫയെ സമീപിച്ചു. ഒപ്പം മറ്റൊരാളുമുണ്ടായിരുന്നു. ഭര്‍ത്താവുമരിച്ച നിര്‍ധന വീട്ടമ്മമാര്‍ക്ക് വിദേശത്തെ ചാരിറ്റി സംഘടനവഴി രണ്ടുലക്ഷം രൂപ സഹായധനം നല്‍കുന്നുണ്ടെന്നു പറഞ്ഞു.
സഹായം ലഭിക്കാന്‍ വൈകുന്നേരം 3.30-നകം 8,000 രൂപ അയച്ചുനല്‍കണമെന്ന് ഒരുയുവാവ് ധരിപ്പിച്ചു. പണയംവെക്കാന്‍ സ്വര്‍ണം ആവശ്യപ്പെട്ട് ചിലരെ ഫോണില്‍ വിളിക്കുന്നതായും അഭിനയിച്ചു. വിശ്വാസം ഉറപ്പാക്കാന്‍ ഭര്‍ത്താവിന്റെപേരും വീടിനടുത്ത് താമസിക്കുന്ന ചിലരുടെ പേരുകളും പറഞ്ഞതോടെ ഷെരീഫ മുക്കാല്‍ പവനോളംവരുന്ന കമ്മല്‍ ഊരിനല്‍കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ പണം വാങ്ങാന്‍ സ്റ്റാന്‍ഡിലെത്തണമെന്നു പറഞ്ഞ് ഇവരെ ബസില്‍കയറ്റിവിട്ടശേഷം ഇവര്‍ കടന്നുകളയുകയായിരുന്നു. പണം വാങ്ങാന്‍ ചൊവ്വാഴ്ച രാവിലെ 9.30-ന് ബസ് സ്റ്റാന്‍ഡിലെത്തി ഏറെനേരം കാത്തിരുന്നു. പിന്നീടാണ് തട്ടിപ്പായിരുന്നെന്നു ബോധ്യമായത്.
സമീപത്തുണ്ടായിരുന്ന സ്വകാര്യബസ് ജീവനക്കാരും കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ ഭാരവാഹികളും ഇടപെട്ട് ആലപ്പുഴ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കി. സ്വകാര്യ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് തട്ടിപ്പ്-മോഷണസംഘങ്ങള്‍ താവളമടിക്കുകയാണെന്ന് ബസ് ഉടമ സംഘടനയായ കെ.ബി.ടി.എ ആരോപിച്ചു.
സ്റ്റാന്‍ഡില്‍ പോലീസ് എയ്ഡ്‌പോസ്റ്റ് ഉണ്ടെങ്കിലും പ്രവര്‍ത്തനരഹിതമാണ്. വല്ലപ്പോഴും പിങ്ക് പോലീസ് മാത്രമാണ് എത്തുന്നത്. നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞദിവസം സ്റ്റാന്‍ഡിലെത്തിയ പെണ്‍കുട്ടികളുടെ മൊബൈല്‍ഫോണ്‍ തട്ടിപ്പറിച്ച സംഭവവുമുണ്ടായി.
0 Comments