മംഗളൂരു: ഹൊന്നാവറിൽ യുവാവ് മുങ്ങിമരിച്ച സംഭവം ലൗജിഹാദാണെന്ന് ആരോപിച്ച് ബി.ജെ.പി നടത്തിയ അക്രമങ്ങളിലെ പ്രതികളായ സ്പീക്കർ വിശ്വേശ്വർ ഹെഗ്ഡെ കഗേരി ഉൾപ്പെടെ 112 നേതാക്കൾക്ക് എതിരായ കേസുകൾ പിൻവലിച്ച് കർണാടക സർക്കാർ ചൊവ്വാഴ്ച ഉത്തരവിട്ടു. 2017 ഡിസംബർ ആറിന് പരേഷ് മെസ്ത(18) മരിച്ച സംഭവമാണ് അക്രമത്തിലേക്ക് വഴിമാറിയത്.[www.malabarflash.com]
ഹൊന്നാവർ ടൗണിൽ യുവാക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനെ ഭയന്ന് ഓടിയ മെസ്തയെ കാണാനില്ലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് ഷെട്ടികെരെ തടാകത്തിൽ മുങ്ങിയ നിലയിൽ മൃതദേഹം ലഭിച്ചു. ലൗജിഹാദികളായ മുസ്‌ലിം സംഘം കൊലപ്പെടുത്തി തള്ളിയതാണെന്ന ആരോപണവുമായി അന്ന് എം.പിയും നിലവിൽ കേന്ദ്ര മന്ത്രിയുമായ ശോഭ കാറന്ത്ലാജെയുടെ നേതൃത്വത്തിൽ തീവ്ര ഹിന്ദു സംഘടനകൾ തെരുവിലിറങ്ങുകയായിരുന്നു. ഐ.ജിയുടേതുൾപ്പെടെ പൊലീസ് വാഹനങ്ങൾ തകർത്തു. സ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ച് അക്രമിച്ചു.
മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ബി.ജെ.പി ആരോപണങ്ങൾ തള്ളുന്നതായിരുന്നു. കൊലപാതകമെന്ന് പറയാവുന്ന തെളിവുകൾ മൃതദേഹത്തിൽ കണ്ടെത്താനായില്ല. ശരീരത്തിൽ ഹനുമാൻ പച്ച കുത്തിയ ഭാഗം ചുരണ്ടിയെടുത്തുവെന്ന ആരോപണവും പോസ്റ്റ് മോർട്ടത്തിൽ ശരിയല്ലെന്ന് കണ്ടു. അന്നത്തെ സിദ്ധാരാമയ്യ സർക്കാർ കേസ് സി.ബി.ഐക്ക് കൈമാറിയിരുന്നു. ബി.ജെ.പിയുടെ ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയ സി.ബി.ഐ കേസ് അവസാനിപ്പിക്കുന്നതിനുള്ള ബി-റിപ്പോർട്ടാണ് സമർപ്പിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് എതിരെ വർഗ്ഗീയ പ്രചാരണത്തിന് സംസ്ഥാന വ്യാപകമായി ആ സംഭവം ബി.ജെ.പി ഉപയോഗിച്ചു. അക്രമ സംഭവങ്ങളിൽ റജിസ്റ്റർ ചെയ്ത 26 കേസുകളാണിപ്പോൾ സർക്കാർ പിൻവലിച്ചത്.
0 Comments