NEWS UPDATE

6/recent/ticker-posts

മുത്തശ്ശിയും രണ്ട് കൊച്ചുമക്കളും പാറക്കുളത്തിൽ മുങ്ങിമരിച്ചു

അടിമാലി:  പണിക്കൻകുടി കൊമ്പൊടിഞ്ഞാലിൽ മുത്തശ്ശിയും 2 കൊച്ചുമക്കളും പാറക്കുളത്തിൽ മുങ്ങി മരിച്ചു. ചിറയപറമ്പിൽ ബിനോയി–ജാസ്മി ദമ്പതികളുടെ മക്കളായ അന്ന സാറ ബിനോയ് (12), അമയ ബിനോയ് (7), ജാസ്മിയുടെ അമ്മ ഇണ്ടിക്കുഴിയിൽ പരേതനായ ജോസിന്റെ ഭാര്യ എൽസമ്മ (55) എന്നിവരാണു മരിച്ചത്.[www.malabarflash.com] 

പണിക്കൻകുടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് അന്ന. അമയ രണ്ടാം ക്ലാസിൽ.

സ്കൂൾ വിട്ടു വന്ന കുട്ടികളെയും കൂട്ടി എൽസമ്മ ബുധനാഴ്ച  നാലരയോടെ പാറക്കുളത്തിൽ തുണി കഴുകാൻ പോയതാണ്. ബക്കറ്റിൽ വെള്ളം കോരി അലക്കുകല്ലിനടുത്തേക്ക് എത്തിക്കാൻ സഹായിക്കുകയായിരുന്ന അന്ന വെള്ളം എടുക്കുന്നതിനിടെ കാൽവഴുതി കുളത്തിൽ വീണു. 

കുട്ടിയെ രക്ഷിക്കാനിറങ്ങിയ എൽസമ്മയും കാൽവഴുതി പാറക്കുഴിയിൽ വീണു. തുണി അലക്കിക്കൊണ്ടിരുന്ന അയൽവാസി ആളുകളെ വിളിച്ചുകൂട്ടാൻ ഓടിയ സമയത്ത് ഇളയകുട്ടി അമയയും അപകടത്തിൽപെട്ടു. നാട്ടുകാരെത്തി മൂവരെയും പുറത്തെടുത്ത് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

വാളറ സ്വദേശിയായ ബിനോയ് മുനിയറ – തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് തോമസ് ബസിലെ ഡ്രൈവറാണ്. പണിക്കൻകുടിക്കു സമീപമുള്ള വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയാണു ജാസ്മി. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.

Post a Comment

0 Comments