ചെറുതോണി: വീട്ടിലെ മോഷണ വിവരമറിഞ്ഞ് ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പ്രതി അദ്ദേഹത്തിന്റെ ഇളയ സഹോദരൻ. വീട്ടുകാർ തീർഥാടനത്തിനുപോയ തക്കംനോക്കി വീട് കുത്തിത്തുറന്ന് 75 കിലോ കുരുമുളക് മോഷ്ടിച്ച കേസിൽ രാജമുടി പതിനേഴുകമ്പനി മണലേൽ അനിൽകുമാറിനെ(57) വ്യാഴാഴ്ച മുരിക്കാശ്ശേരി പോലീസ് അറസ്റ്റുചെയ്തു.[www.malabarflash.com]
പഴനി തീർഥാടനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ഗൃഹനാഥൻ മണലേൽ വിശ്വനാഥൻ വാഹനത്തിൽ കുഴഞ്ഞുവീണു മരിച്ചത്.
തൊട്ടയൽപക്കത്താണ് ഇയാൾ താമസിക്കുന്നത്. മോഷ്ടിച്ച കുരുമുളക് ഇയാൾ തോപ്രാംകുടിയിലെ കടയിൽ വിറ്റു.
ഇയാൾ ഒറ്റയ്ക്കാണ് താമസം. ഭാര്യ വിദേശത്താണ്. വിശ്വനാഥനും കുടുംബവും തീർഥാടനത്തിന് പോയതറിഞ്ഞ അനിൽകുമാർ വീടിന്റെ പിൻവശത്തെ കതക് കുത്തിത്തുറന്ന് വീടിനുള്ളിൽ രണ്ടു പ്ലാസ്റ്റിക് ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന 75 കിലോ കുരുമുളക് മോഷ്ടിച്ചു. വീട്ടിനുള്ളിൽ കടന്ന ഇയാൾ അലമാരയും മേശയും കുത്തിത്തുറന്നു.
വിശ്വനാഥനും കുടുംബവും തീർഥാടനത്തിനുപോകുന്ന വിവരം അറിഞ്ഞ രണ്ട് വ്യക്തികളിൽ ഒരാളാണ് അനിൽകുമാർ. ഗ്യാസ് സിലിൻഡർ തുറന്നുവിട്ട് വീട് അഗ്നിക്കിരയാക്കി തെളിവ് നശിപ്പിക്കാനും പ്രതി പദ്ധതിയിട്ടതായി പോലീസ് പറഞ്ഞു. ഇതിനായി മോഷണം നടത്തിയശേഷം ഗ്യാസ് സിലിൻഡർ വീടിന്റെ ഹാളിൽ കൊണ്ടുപോയി വെയ്ക്കുകയും ചെയ്തു.
മുരിക്കാശ്ശേരി എസ്.എച്ച്.ഒ. റോയ് എൻ.എസ്., എസ്.ഐ. സാബു തോമസ്, എസ്.സി.പി.ഒ.മാരായ അഷറഫ് കാസിം, അഷറഫ് ഇ.കെ., സി.പി.ഒ. ജയേഷ് ഗോപി എന്നിവർചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.
0 Comments