ന്യൂഡല്‍ഹി: ജോലിസംബന്ധമായി തുര്‍ക്കിയിലെത്തിയ ഒരു ഇന്ത്യക്കാരനെ കാണാതായിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. പതിനായിരത്തിലധികം പേരുടെ ജീവനെടുത്ത് തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഒരു ഇന്ത്യക്കാരനെ കാണാതായിട്ടുണ്ടെന്ന റിപ്പോര്‍ട്ട്.[www.malabarflash.com]
കൂടാതെ, തുര്‍ക്കിയിലെ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ പത്തോളം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും അവരെല്ലാംതന്നെ സുരക്ഷിതരാണെന്നും സര്‍ക്കാര്‍ അറിയിച്ചു. 3000 ത്തോളം ഇന്ത്യക്കാര്‍ തുര്‍ക്കിയിലുണ്ടെന്നാണ് ഔദ്യോഗികക്കണക്ക്.
'തുര്‍ക്കിയിലെ അദാനയില്‍ ഇന്ത്യക്കാര്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഭൂകമ്പബാധിത വിദൂര പ്രദേശങ്ങളില്‍ പത്തോളം ഇന്ത്യക്കാര്‍ കുടുങ്ങിയിട്ടുണ്ട്. അവര്‍ സുരക്ഷിതരാണ്. ജോലിസംബന്ധമായി തുര്‍ക്കിയിലെത്തിയ ഒരു ഇന്ത്യന്‍ പൗരനെ കാണാതായിട്ടുണ്ട്. ഞങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബവുമായും അദ്ദേഹം ജോലി ചെയ്യുന്ന ബെംഗളൂരുവിലെ കമ്പനിയുമായും ബന്ധപ്പെട്ടുവരികയാണ്' വിദേശകാര്യ സെക്രട്ടറി (പടിഞ്ഞാറ്) സഞ്ജയ് വര്‍മ പറഞ്ഞു.
തുടരെത്തുടരെയുണ്ടായ മൂന്ന് ഭൂകമ്പങ്ങളിലായി തുര്‍ക്കിയിലും സിറിയയിലുമായി 11,000 ലധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചതായാണ് ഇതുവരെയുള്ള കണക്ക്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇരുരാജ്യങ്ങളിലേക്കും സഹായമെത്തിച്ചു വരികയാണ്. ഇന്ത്യയില്‍ നിന്നുള്ള തുര്‍ക്കിയിലേക്കുള്ളസഹായസഹകരണങ്ങള്‍ക്ക് 'ഓപ്പറേഷന്‍ ദോസ്ത്' എന്ന പേരാണ് നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോക്ടര്‍ എസ്. ജയ്ശങ്കര്‍ പറഞ്ഞു.
0 Comments