മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കുന്നതിനെതിരെയുള്ള സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തി. മറാത്തി പത്രമായ 'മഹാനഗരി ടൈംസ്' ലേഖകൻ ശശികാന്ത് വാരിഷെ (48)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പന്താരിനാഥ് അംബേർകർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
എണ്ണ ശുദ്ധീകരണശാലക്ക് എതിരെ സമരം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തിയതിന് നിലവിൽ കേസുള്ളയാളാണ് അംബേർ കാർ. ഇയാളുടെ ക്രിമിനൽ പശ്ചാത്തലങ്ങൾ വെളിപ്പെടുത്തി തിങ്കളാഴ്ച ശശികാന്ത് വാരിഷേയുടെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇയാൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ ഷിൻഡെ, ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർക്കൊപ്പമുള്ള ഫോട്ടോയും നൽകിയിരുന്നു.
തിങ്കളാഴ്ച രജാപുർ ദേശീയ പാതക്ക് അടുത്തുള്ള പെട്രോൾ പമ്പിൽ വാരിഷെ തന്റെ സ്കൂട്ടിയിൽ ഇരിക്കുമ്പോൾ ജീപ്പിൽ വന്ന അംബേർകർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. വാഹനത്തിൽ കുടുങ്ങിയ വാരിഷെയെ മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തു. നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു.
ചികിത്സയിലായിരുന്ന വാരിഷെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് അംബേര്‍കർക്ക് എതിരെ പൊലീസ് കേസെടുത്തത്. കൊലപാതകത്തിന് കേസെടുക്കണമെന്ന് നാട്ടുകാരും താക്കറെ പക്ഷ ശിവസേന എംപി വിനായക് റാവുത്തും ആവശ്യപ്പെട്ടു. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് റാവുത്ത് പറഞ്ഞു.
0 Comments