NEWS UPDATE

6/recent/ticker-posts

മൺപാത്ര നിർമാണക്കാർക്ക് കലംകനിപ്പ് ആശ്വാസം

പാലക്കുന്ന്: മൺപാത്ര നിർമാണ കുടിൽ വ്യവസായം അനുദിനം ശോഷിച്ചു കൊണ്ടിരിക്കുന്ന ജില്ലയിൽ ധനു, മകര മാസങ്ങളിൽ പാലക്കുന്ന് ക്ഷേത്രത്തിൽ നടത്തുന്ന കലംകനിപ്പ് മഹാനിവേദ്യം ആശ്വാസമാണെന്ന് അതുമായി ബന്ധപ്പെട്ടവർ പറയുന്നു.[www.malabarflash.com]

ഇത്തവണ ഏറെ വൈകിയാണ്‌ കലങ്ങൾ വിൽപ്പനയ്ക്ക് എത്തിയത്.
തിങ്കളാഴ്ച ഉച്ചയോടെ എരിക്കുളത്ത് നിന്ന് കലങ്ങൾ എത്തിയപ്പോൾ വാങ്ങാനായി സ്ത്രീകൾ തടിച്ചുകൂടി. 120 മുതൽ 150 വരെയാണ്‌ ഒരു കലത്തിന്റെ വില. വ്യത്യസ്ത വലിപ്പത്തിലുള്ള പണ്ടാരക്കലം എത്തിക്കുന്നത് പാരമ്പര്യ അവകാശികളായ കീക്കാനത്തുകാരാണ്.

മഴക്കാലമായാൽ ഈ പണി നടക്കില്ല. കഷ്ടിച്ച് ആറ് മാസം മാത്രം ചെയ്യാൻ കിട്ടുന്ന ജോലി. അപ്രതീക്ഷിതമായെത്തുന്ന മഴ മൺപാത്ര നിർമാണത്തെ ബാധിക്കുന്നത് പതിവായിട്ടുണ്ടെന്ന് എരിക്കുളത്ത് നിന്ന് കലങ്ങളുമായെത്തിയ 60 പിന്നിട്ട ശാർങാധരനും ഭാര്യ തമ്പായിയും പറഞ്ഞു. 

കളിമണ്ണിന്റെ ലഭ്യതക്കുറവും പ്രശ്നമാകുന്നു. ക്ഷയിച്ചു വരുന്ന ഈ മേഖലയെ പിടിച്ചുനിർത്താനാവശ്യമായ നടപടികളോ സഹായമോ ബന്ധപ്പെട്ടവരിൽ നിന്നുണ്ടാകുന്നില്ല. പുത്തൻ തലമുറ ഈ ജോലി ചെയ്യാൻ മടി കാട്ടുന്നു.ഇവരുടെ മക്കൾക്ക് ഇതിന്റെ നിർമാണ രീതി പഠിക്കാൻ പോലും താല്പര്യമില്ലെന്നാണ് പരാതി. 

കുശവ സമുദായക്കാരാണ് ഇതിൽ ഏർപ്പെടുന്നത്. പാലക്കുന്നിലെ കലംകനിപ്പ് കഴിഞ്ഞാൽ വിഷുവാണ് അടുത്ത കൈത്താങ്ങ്. കായക്കുളം, പൈക്ക, കീക്കാനം എന്നിവിടങ്ങളാണ് ജില്ലയിലെ മറ്റു മൺപാത്ര നിർമാണ ഗ്രാമങ്ങൾ.

Post a Comment

0 Comments