NEWS UPDATE

6/recent/ticker-posts

പുലിയെ പിടികൂടാന്‍ കൂട് ഒരുക്കി; വീണത് കോഴിയെ പിടിക്കാനെത്തിയ 'കള്ളന്‍'

ന്യൂഡല്‍ഹി: പുള്ളിപ്പുലിയെ പിടികൂടാന്‍ സ്ഥാപിച്ച കൂട്ടില്‍ യുവാവ് അകപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ഗ്രാമത്തിലെ ജനവാസ മേഖലകളില്‍ പുലിയെ കണ്ടതിനെ തുടര്‍ന്നാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ കൂട് സ്ഥാപിച്ചത്. പുലിയെ ആകര്‍ഷിക്കാന്‍ ഇരയായി പൂവന്‍കോഴിയെ കൂട്ടില്‍ ഇട്ടിരുന്നു. കോഴിയെ പിടികൂടാന്‍ ഇയാള്‍ കൂട്ടില്‍ കയറിയപ്പോള്‍ അകപ്പെടുകയായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.[www.malabarflash.com]

തന്നെ കൂട്ടില്‍ നിന്ന് മോചിപ്പിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറയുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കൂടിന്റെ പച്ച നിറത്തിലുള്ള ഇരുമ്പുകമ്പിയില്‍ പിടിച്ച് കൊണ്ടാണ് തന്നെ പുറത്ത് വിടാന്‍ യുവാവ് സഹായം അഭ്യര്‍ഥിക്കുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇയാളെ മോചിപ്പിച്ചു.

ഗ്രാമത്തില്‍ പുലി അലഞ്ഞുതിരിയുന്നുണ്ടെന്ന് വ്യക്തമായതോടെയാണ് പുലിയെ കുടുക്കാന്‍ കൂട് സ്ഥാപിച്ചതെന്ന് വനംവകുപ്പ് ഓഫീസര്‍ രാധേശ്യാം എഎന്‍ഐയോട് പറഞ്ഞു. തുടക്കത്തില്‍ പുലിയ്ക്ക് വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Post a Comment

0 Comments