NEWS UPDATE

6/recent/ticker-posts

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ എ.എ.പി.-ബി.ജെ.പി സംഘര്‍ഷം

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ എ.എ.പി.-ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൂട്ടയടി. മുന്‍സിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുള്ള ആറംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍, മേയര്‍ ഒരു വോട്ട് അസാധുവായി പ്രഖ്യാപിച്ചതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്.[www.malabarflash.com]

മേയര്‍ ഷെല്ലി ഒബ്രോയിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ വോട്ടെണ്ണല്‍ തടസ്സപ്പെടുത്തി. എന്നാല്‍, അസാധുവായ വോട്ട് ഒഴിവാക്കിയേ ഫലപ്രഖ്യാപനം നടത്തൂവെന്ന നിലപാടില്‍ മേയര്‍ ഉറച്ചുനിന്നു. ഇതോടെയാണ് സംഘര്‍ഷം രൂപംകൊണ്ടത്.

സംഘർഷത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൗണ്‍സിലര്‍മാര്‍ പരസ്പരം ഇടിക്കുകയും തൊഴിക്കുകയും പരസ്പരം തള്ളുകയും ആക്രോശിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. സംഘര്‍ഷത്തില്‍ ചില കൗണ്‍സിലര്‍മാരുടെ വസ്ത്രം കീറിയതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതിനിടെ കൗണ്‍സിലര്‍മാരില്‍ ഒരാള്‍ കുഴഞ്ഞുവീണു.

അതേസമയം, മേയര്‍ അസാധുവായി പ്രഖ്യാപിച്ച വോട്ട് സാധുവാണെന്ന് ബി.ജെ.പി. അവകാശപ്പെട്ടു. ആ വോട്ട് അസാധുവാണെങ്കില്‍, എ.എ.പിയുടെ സ്ഥാനാര്‍ഥി വിജയിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നതെന്നും ബി.ജെ.പി. കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പു കമ്മിഷന്റെ വോട്ടെണ്ണല്‍ മാനദണ്ഡങ്ങള്‍ അവഗണിച്ചാണ് മേയര്‍ പ്രവര്‍ത്തിച്ചതെന്ന് മറ്റൊരു ബി.ജെ.പി. കൗണ്‍സിലര്‍ ആരോപിച്ചു.

ബി.ജെ.പി. ഗുണ്ടകളുടെ പാര്‍ട്ടിയാണെന്ന് അവര്‍ എം.സി.ഡിയുടെ ഹാളില്‍ രാജ്യത്തിന് കാണിച്ചുകൊടുത്തെന്ന് എ.എ.പി. വിമര്‍ശിച്ചു. ഒരു വോട്ടിന് പരാജയപ്പെടുമെന്ന് മനസ്സിലാക്കിയപ്പോള്‍ ബി.ജെ.പി. ആളുകളെ ആക്രമിക്കാന്‍ ആരംഭിച്ചു. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ആദ്യ വനിതാ മേയര്‍ക്ക് ജീവന്‍ രക്ഷിക്കാന്‍ സ്വയം പ്രതിരോധിക്കേണ്ടിവന്നു. ബി.ജെ.പിയുടെ പുരുഷ കൗണ്‍സിലര്‍മാര്‍ മേശയില്‍ ചാടിക്കയറുകയും മേയറെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് എ.എ.പിയുടെ എം.എല്‍.എ. അതിഷി മര്‍ലേന മാധ്യമങ്ങളോടു പ്രതികരിച്ചു.

എം.സി.ഡിയിലെ 250 കൗണ്‍സിലര്‍മാരില്‍ ചുരുങ്ങിയത് 242 പേര്‍ മുന്‍സിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഈ കമ്മിറ്റിയാണ് എത്ര ഫണ്ട്, എന്തൊക്കെ പദ്ധതികള്‍ക്ക് വിനിയോഗിക്കണമെന്ന് നിശ്ചയിക്കുന്നത്. ഏഴ് അംഗങ്ങളാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് മത്സരിച്ചത്. ആമില്‍ മാലിക്, രാമിന്ദര്‍ കൗര്‍, മോഹിനി ജീന്‍വാല്‍, സരിക ചൗധരി എന്നിവരെയാണ് എ.എ.പി. നാമനിര്‍ദേശം ചെയ്തത്. കമല്‍ജീത് സെഹ്‌റാവത്, പങ്കജ് ലൂത്ര എന്നിവരെയാണ് ബി.ജെ.പി. രംഗത്തിറക്കിയത്. സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെടുകയും പിന്നീട് ബി.ജെ.പിയില്‍ ചേരുകയും ചെയ്ത ഗജേന്ദര്‍ സിങ് ദരാലും സ്ഥാനാര്‍ഥിയായിരുന്നു.

Post a Comment

0 Comments