കണ്ണൂർ: സ്വർണക്കടത്ത് കേസിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ മുൻ ഡിവൈഎഫ്ഐ നേതാവ് ആകാശ് തില്ലങ്കേരി ഫേസ്ബുക്കിൽ കമന്റിട്ട് വീണ്ടും പാർട്ടിയെ പ്രതിരോധത്തിലാക്കുന്നു.[www.malabarflash.com]
യൂത്ത് കോൺഗ്രസ് നേതാവായിരുന്ന കണ്ണൂർ എടയന്നൂരിലെ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി, താൻ പാർട്ടിക്കുവേണ്ടി കൊല നടത്തിയിട്ടുണ്ടെന്ന ഗുരുതരമായ വെളിപ്പെടുത്തലാണു കമന്റിലൂടെ നടത്തിയിരിക്കുന്നത്.
എടയന്നൂരിലെ പാർട്ടി നേതാക്കളാണു ഷുഹൈബ് കൊലപാതകം നടത്തിച്ചതെന്ന് ആകാശ് തില്ലങ്കേരി പറയുന്നു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റായാണ് ആകാശ് നിർണായക വിവരങ്ങൾ തുറന്നെഴുതിയത്.
""എടയന്നൂരിലെ പാർട്ടിനേതാക്കളാണു ഞങ്ങളേക്കൊണ്ട് കൊലപാതകം നടത്തിച്ചത്. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവർക്കു പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. നടപ്പാക്കിയ ഞങ്ങൾക്കു പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലുമാണു നേരിടേണ്ടിവന്നത്. പാർട്ടി തള്ളിയതോടെയാണു ഞങ്ങൾ സ്വർണക്കടത്ത് ക്വട്ടേഷനിലേക്കു തിരിഞ്ഞത്. തെറ്റിലേക്കു പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോൾ തുറന്നുപറയുന്നത് ''-ആകാശ് ഫേസ്ബുക്ക് കമന്റിൽ തുറന്നടിച്ചു
കഴിഞ്ഞദിവസങ്ങളിൽ ആകാശ് തില്ലങ്കേരിയും അയാളെ അനുകൂലിക്കുന്ന സംഘവും സിപിഎം പ്രാദേശിക നേതാക്കളും തമ്മിൽ ഫേസ്ബുക്കിലൂടെ ആരോപണ-പ്രത്യാരോപണങ്ങൾ നടത്തിയിരുന്നു. സരീഷ് എന്ന ഡിവൈഎഫ്ഐ നേതാവിട്ട പോസ്റ്റിനു കമന്റായാണ് ആകാശ് വെളിപ്പെടുത്തലുകൾ നടത്തിയത്. പാർട്ടിക്കുവേണ്ടി കൊലപാതകം നടത്തിയെന്ന ആകാശിന്റെ വാക്കുകൾ വാർത്തയായതോടെ പോസ്റ്റ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സരീഷ് ഡിലീറ്റ് ചെയ്തു.
വെളിപ്പെടുത്തലിനു പിന്നാലെ ഒരുവിഭാഗം പ്രവർത്തകർ ആകാശിനെതിരേ സിപിഎമ്മിനു പരാതി നൽകിയിരിക്കുകയാണ്.
മട്ടന്നൂരിലെ പാർട്ടി നേതാക്കളെ ആകാശ് തേജോവധം ചെയ്യുകയാണെന്നും സമൂഹമാധ്യമങ്ങളിലൂടെ നേതാക്കളെ അസഭ്യം പറയുന്ന സ്ഥിതിയുണ്ടെന്നും പാർട്ടി ഇടപെടണമെന്നും ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയും സിപിഎമ്മിനോട് ആവശ്യപ്പെട്ടു. ആകാശിന്റെ ക്വട്ടേഷൻ ബന്ധം ചോദ്യം ചെയ്ത വിരോധമാണ് ഇപ്പോഴത്തെ ഫേസ്ബുക്ക് കമന്റിനു പിന്നിലെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു.
0 Comments