NEWS UPDATE

6/recent/ticker-posts

തമിഴ്നാട് മുൻ എംപി മസ്താന്റെ കൊലപാതകം: സഹോദര പുത്രി അറസ്റ്റിൽ

ചെന്നൈ: ഡിഎംകെ മുൻ എംപി ഡി. മസ്താന്റെ (66) കൊലപാതകത്തിൽ സഹോദര പുത്രിയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ മുഖ്യപ്രതിയായ ഇളയ സഹോദരൻ ഗൗസ് പാഷയുടെ മകൾ ഹരീദ ഷഹീനയെ (26) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. [www.malabarflash.com]

ഗൂഢാലോചനക്കേസിലാണ് ഹരീദയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഹരീദയുടെ പിതാവും മസ്താന്റെ സഹോദരനുമായ ഗൗസ് പാഷയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പണം ഇടപാടാണ് കൊലപാതകത്തിന് കാരണം. കേസിൽ ഗൗസ് പാഷയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മരുമകനും മസ്താന്റെ കാർ ഡ്രൈവറുമായിരുന്ന ഇമ്രാൻ പാഷയുടെ സഹായത്തോടെയായിരുന്നു കൊലപാതകം.

കഴിഞ്ഞ വർഷം ഡിസംബർ 22നാണ് മസ്താൻ കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുവായ കാർ ഡ്രൈവർ ഇമ്രാൻ, സുൽത്താൻ അഹമ്മദ്, നസീർ, തൗഫീഖ്, ലോകേഷ് എന്നിവർ ആദ്യം അറസ്റ്റിലായി. പിന്നീടാണ് സഹോദരന്റെ പങ്കുതെളിഞ്ഞത്. മസ്താന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ ഷാനവാസാണ് പരാതി നൽകിയത്. കടമായി നൽകിയ പണം തിരികെ ചോ​ദിച്ചതാണ് കൊലക്ക് കാരണമെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു.

ഈ മാസം 22നു ചെന്നൈയിൽ നിന്നു ചെങ്കൽപ്പെട്ടിലേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായാണ് മസ്താൻ മരിച്ചതെന്നാണ് ഡ്രൈവർ ഇമ്രാൻ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ മകൻ പോലീസിനെ സമീപിച്ചു. സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇമ്രാന്റെ മൊഴി തെറ്റാണെന്ന് പോലീസിന് വ്യക്തമായി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കൊലപാതകമാണെന്ന് വ്യക്തമായി. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇമ്രാൻ കുറ്റം സമ്മതിച്ചു.

മസ്താനിൽ നിന്നു വാങ്ങിയ 15 ലക്ഷം രൂപ തിരികെ ചോദിച്ചതിനെ തുടർന്നാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്. എഐഎഡിഎംകെയിലെ ശക്തനായ ന്യൂനപക്ഷ നേതാവായിരുന്നു ഡോക്ടറായ മസ്താൻ. 1995ൽ രാജ്യസഭാ എംപിയായി. പിന്നീട് ഡിഎംകെയിൽ ചേർന്നു.

Post a Comment

0 Comments