NEWS UPDATE

6/recent/ticker-posts

സീനിയര്‍ വിദ്യാര്‍ഥിയുടെ മാനസികപീഡനം: ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു

ഹൈദരാബാദ്: സീനിയര്‍ വിദ്യാര്‍ഥിയുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഒന്നാം വര്‍ഷ മെഡിക്കല്‍ പി.ജി. വിദ്യാര്‍ഥിനി ചികിത്സയിലിരിക്കേ മരിച്ചു. തെലങ്കാനയിലെ വാറങ്കലിലെ കാകതീയ മെഡിക്കല്‍ കോളേജ് (കെ.എം.സി.) വിദ്യാര്‍ഥിനി ധരാവതി പ്രീതി (26) ആണ് മരിച്ചത്.[www.malabarflash.com] 

ആത്മഹത്യാ ശ്രമത്തിന് പിന്നാലെ പ്രീതിയെ നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു മരണം.

ബുധനാഴ്ചയാണ് പ്രീതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കെ.എം.സിയിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ പി.ജി. വിദ്യാര്‍ഥി ഡോ. എം.എ. സൈഫിനെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റത്തിന് പുറമേ പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരേധന നിയമപ്രകാരമുള്ള കുറ്റവും സൈഫിനെതിരേ ചുമത്തിയിട്ടുണ്ട്. വാറങ്കലിലെ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഖമ്മത്തെ ജയിലിലേക്ക് മാറ്റിയതായി വാറങ്കല്‍ കമ്മിഷണര്‍ എ.വി. രംഗനാഥ് അറിയിച്ചു.

കെ.എം.സിയിലെ പി.ജി. അനസ്‌ത്യേഷ്യ വിദ്യാര്‍ഥിനിയായിരുന്ന പ്രീതിയെ 2022 ഡിസംബര്‍ മുതല്‍ സൈഫ് ശല്യം ചെയ്തിരുന്നുവെന്നാണ് ആരോപണം. മകളെ, സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തിരുന്നതായും ആത്മഹത്യയിലേക്ക് നയിച്ച കാരണത്തെ കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്നും പ്രീതിയുടെ പിതാവ് നരേന്ദര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ബുധനാഴ്ച പ്രീതി പിതാവ് നരേന്ദറിനെ വിളിക്കുകയും സൈഫ് ബുദ്ധിമുട്ടിക്കുന്നതിനെ കുറിച്ച് പറയുകയും ചെയ്തിരുന്നു. അധികസമയം ജോലിചെയ്യാന്‍ നിര്‍ബന്ധിക്കുന്നതായും എം.ജി.എം. ആശുപത്രിയിലെ ഡ്യൂട്ടിസമയത്ത് വാഷ് റൂമില്‍ പോകാന്‍ പോലും അനുവദിക്കുന്നില്ലെന്നും പ്രീതി പറഞ്ഞിരുന്നു. തുടര്‍ന്ന് നരേന്ദര്‍ ലോക്കല്‍ പോലീസിനെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയും വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പ്രീതിയെ അബോധാവസ്ഥയില്‍ ആശുപത്രിയിലെ സ്റ്റാഫ് റൂമില്‍ കണ്ടെത്തുകയായിരുന്നു.

മരണത്തിന് പിന്നാലെ പ്രീതിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്തുലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീതിയുടെ മരണത്തിന് പിന്നാലെ എന്‍.ഐ.എം.എസ്. ആശുപത്രിക്കു പുറത്ത് സംഘര്‍ഷം രൂപപ്പെട്ടു. പ്രീതിക്ക് നീതി ലഭ്യമാക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

Post a Comment

0 Comments