NEWS UPDATE

6/recent/ticker-posts

ഇടതുകാലിന് പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തിയ സംഭവം; ഡോക്ടറെ പ്രതിയാക്കി പോലീസ് കേസെടുത്തു

കോഴിക്കോട്: ഇടതുകാലിന്റെ തകരാറിന് ചികിത്സ തേടിയ സ്ത്രീയുടെ വലതു കാലിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കോഴിക്കോട്ടെ നാഷണൽ ആശുപത്രിക്കെതിരായ പരാതിയിൽ പോലീസ് കേസെടുത്തു. ഓർത്തോ വിഭാഗം മേധാവി ഡോ. പി ബഹിർഷാനെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്.[www.malabarflash.com] 

ചികിത്സയിൽ അശ്രദ്ധ കാണിച്ചതിന് ഐപിസി 336-ാം വകുപ്പാണ് ഡോക്ടർക്കുമേൽ ചുമത്തിയത്. തുടർ അന്വേഷണത്തിൽ മറ്റ് വകുപ്പുകൾ ചേർക്കുമെന്നും പോലീസ് അറിയിച്ചു. കക്കോടി സ്വദേശിനിയായ സജ്‌ന (60)യാണ് ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. 

വാതിലിന് ഉള്ളിൽ കുടുങ്ങി കാലിന്റെ ഞരമ്പിന് തകരാർ സംഭവിച്ചതിനെ തുടർന്നാണ് സജ്‌ന ആശുപത്രിയിൽ ചികിത്സ തേടിയത്. ഏറെ കാലത്തെ ചികിത്സയ്ക്കു ശേഷമാണ് ഡോ. ബഹിർഷാൻ സജ്‌നയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കായി രോമം നീക്കി വൃത്തിയാക്കിയ ഇടതുകാലിന് പകരം രോമം കളയാത്ത വലതു കാലിനാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മയക്കം വിട്ടപ്പോൾ കാൽ അനക്കാൻ പറ്റാതായതോടെയാണ് ഇടതു കാലിന് പകരം വലതു കാലിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന് തിരിച്ചറിയുന്നത്. 

ബന്ധുക്കൾ പരാതി പറഞ്ഞപ്പോളാണ് കാൽ മാറിയതെന്ന കാര്യം ഡോക്ടർ അറിയുന്നത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് മുൻപ് നടത്തിയ സ്‌കാനിങ്ങിൽ വലതു കാലിനും തകരാറ് കണ്ടെത്തിയെന്നും അതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയതെന്നുമായിരുന്നു ആശുപത്രി മാനേജ്‌മെന്റിന്റെ വാദം. സംഭവത്തിൽ രോഗിയുടെ ബന്ധുക്കൾ ആരോഗ്യ മന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നൽകിയിരുന്നു.

Post a Comment

0 Comments