NEWS UPDATE

6/recent/ticker-posts

'പറ്റാവുന്നത്ര നടക്കും' ശിഹാബ് ചോറ്റൂര്‍ ഇറാനിൽ, കാല്‍നട സഞ്ചാരത്തിന് അനുമതി ലഭിക്കുന്നതിൽ വ്യക്തതയായില്ല

മലപ്പുറം: ഇന്ത്യയില്‍നിന്ന് പാക്കിസ്ഥാന്‍ വഴി ഇറാനിലൂടെയും ഇറാഖിലൂടെയും കുവൈത്തിലൂടെയും നടന്ന് ഹജ്ജ് കര്‍മത്തിനായി പുറപ്പെട്ട മലപ്പുറം സ്വദേശി ശിഹാബ് ചോറ്റൂര്‍ ഇറാനിലെത്തി. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെത്തിയ ശിഹാബ് അവിടെനിന്ന് വിമാനത്തിലാണ് ഇറാനിലേക്ക് തിരിച്ചത്. അതേസമയം, ഇറാനിലും ശിഹാബിന് കാല്‍നടയായി സഞ്ചരിക്കാന്‍ അധികൃതര്‍ അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.[www.malabarflash.com]


യാത്രയ്ക്കിടെ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി പറയാന്‍ പലപ്പോഴും ശിഹാബ് തയ്യാറാകാറില്ല. പാക്കിസ്ഥാനിലൂടെ നടക്കാന്‍ അനുമതി ലഭിച്ചു എന്ന പരോക്ഷമായി സൂചിപ്പിച്ച ശിഹാബ് ഏറ്റവും ഒടുവില്‍ വിമാനത്തില്‍ ഇറാനിലെത്തിയ ശേഷമാണ് അക്കാര്യം വ്യക്തമാക്കുന്നത്. യാത്രയിലുടനീളം ഇത്തരത്തിലുള്ള അവ്യക്തതകളാണ് ശിഹാബ് പങ്കുവെക്കുന്നത്. ജൂണ്‍ രണ്ടിനാണ് ശിഹാബ് വിശുദ്ധ ഹജ്ജ് കര്‍മത്തിനായി കാല്‍നടയായി മക്കയിലേക്ക് യാത്ര തിരിച്ചത്.

നാല് മാസത്തോളം ഇന്ത്യന്‍ അതിര്‍ത്തിയില്‍ കുടുങ്ങിയ ശിഹാബിന് കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാന്‍ വിസ അനുവദിച്ചത്. എന്നാല്‍ പാക്കിസ്ഥാനിലൂടെ നടക്കാന്‍ ശിഹാബിന് അനുമതി ഉണ്ടായിരുന്നില്ല. രണ്ട് ദിവസത്തെ ട്രാന്‍സിറ്റ് വിസയാണ് അനുവദിച്ചത്. ഇതേ തുടര്‍ന്നാണ് പാക്കിസ്ഥാനിലെത്തിയ അടുത്ത ദിവസം തന്നെ ഇറാനിലേക്ക് വിമാനത്തില്‍ യാത്രയായത്. ഇറാനിലെത്തിയ വിവരം ശിഹാബ് തന്നെയാണ് വീഡിയോയിലൂടെ അറിയിച്ചത്.

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇറാനിലെത്തിയിരിക്കുകയാണെന്നും ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിയന്ത്രണം ഉള്ളതിനാല്‍ തനിക്ക് യാത്രയെക്കുറിച്ച് അറിയിക്കാന്‍ കഴിഞ്ഞില്ലെന്നും ശിഹാബ് വീഡിയോയിലൂടെ അറിയിച്ചു. ഇറാനില്‍ ഇന്റര്‍നെറ്റ് നിയന്ത്രണമുള്ളതിനാല്‍ ആരുമായും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തനിക്കെതിരെ പലഭാഗത്തുനിന്നും ആക്ഷേപങ്ങള്‍ ഉയരുകയാണ്. അതില്‍ വിരോധമില്ല. തന്റെ മരണം വരെ അത് തുടരും.

ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ലേ ഇങ്ങിനെ ആക്ഷേപം കേള്‍ക്കേണ്ടി വരികയുള്ളൂ. പരമാവധി നടന്ന് ഹജിന് എത്തും. എങ്കിലും അല്ലാഹുവിന്റെ തീരുമാനം മാത്രമേ നടക്കൂ. ഒരുപാട് ആളുകള്‍ തന്നെ കളിയാക്കുന്നുണ്ട്. അവര്‍ക്ക് അതുകൊണ്ട് സന്തോഷം ലഭിക്കുമെങ്കില്‍ നല്ലതാണ്. സമയം കുറഞ്ഞ സഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. മൂന്നു മാസമാണ് യാത്രയ്ക്കായി അധികം മാറ്റിവെച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ നാലു മാസം അധികം പിന്നിട്ടു.

നേരത്തെ പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് ട്രാന്‍സിറ്റ് വിസയില്ലാത്തതിനാല്‍ പാക് ഇമിഗ്രേഷന്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഞായറാഴ്ചയാണ് ശിഹാബിന് പാക്കിസ്ഥാന്‍ വിസ അനുവദിച്ചത്. കഴിഞ്ഞ നാല് മാസമായി ശിഹാബ് അമൃത്സറിലെ ആഫിയ കിഡ്‌സ് സ്‌കൂളിലാണ് ശിഹാബ് താമസിച്ചിരുന്നത്. കാല്‍നടയായി ഹജ്ജ് ചെയ്യുക എന്നത് തന്റെ ഒരു സ്വപ്നമാണ്. അതിന് എല്ലാവരുടെയും പ്രാര്‍ഥന വേണമെന്ന് ശിഹാബ് പറയുന്നു.

Post a Comment

0 Comments