ഫ്ലോറിഡ: ഓടിക്കൊണ്ടിരുന്ന കാറിന്‍റെ പിൻസീറ്റിൽ ഇരുന്ന ആറുവയസുകാരി മുത്തശിക്കുനേരെ വെടിയുതിർത്തു. അമേരിക്കയിലെ ഫ്ലോറിഡയിൽ ഫെബ്രുവരി 16നാണ് സംഭവം. ഫോക്സ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.[www.malabarflash.com]
നോർത്ത് പോർട്ട് പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ പത്രക്കുറിപ്പ് പ്രകാരം പെൺകുട്ടി കാറിന്റെ പിൻസീറ്റിൽ നിന്ന് 57 കാരിയായ മുത്തശിയുടെ തോക്ക് ഉപയോഗിച്ച് മുത്തശിയെ വെടിവെക്കുകയായിരുന്നു. ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയാണ് സംഭവം.
57 കാരിയായ സ്ത്രീക്കുനേരെ അവരുടെ ആറു വയസുള്ള ചെറുമകൾ വാഹനത്തിന്റെ പിൻസീറ്റിൽ ഇരുന്ന് വെടിയുതിർക്കുകയായിരുന്നു. മുത്തശിയുടെ പിൻഭാഗത്തായാണ് വെടിയേറ്റത്. എമർജൻസി സർവീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് വെടിയേറ്റ സ്ത്രീയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. ഐസിയുവിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയയിലൂടെ വെടിയുണ്ട നീക്കം ചെയ്തിട്ടുണ്ട്.
ഡ്രൈവർ സീറ്റിന്റെ പിൻ പോക്കറ്റിൽ സീറ്റ് കവറിനു താഴെ വച്ചിരുന്ന ഹോൾസ്റ്ററിലാണ് തോക്ക് സൂക്ഷിച്ചിരുന്നതെന്ന് ഫ്ലോറിഡ പോലീസ് വകുപ്പ് അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി അബദ്ധത്തിൽ വെടിയുതിത്തതാകാമെന്നാണ് സംശയിക്കുന്നത്.
0 Comments