കോഴിക്കോട്: ട്രാൻസ്ജെൻഡർ പ്രസവത്തിൽ വിവാദപരാമർശവുമായി മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം കെ മുനീർ. പുരുഷ പ്രസവമെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിലാണെന്ന് എം കെ മുനീർ പറഞ്ഞു. ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.[www.malabarflash.com]
മാധ്യമങ്ങൾ പോലും പുരുഷൻ പ്രസവിച്ചുവെന്ന പ്രചാരണമാണ് നടത്തുന്നത്.'പുറം തോടിൽ പുരുഷനായി മാറിയപ്പോഴും യഥാർത്ഥത്തിൽ സ്ത്രീയായത് കൊണ്ടാണ് പ്രസവിക്കാൻ കഴിഞ്ഞത്. പുരുഷൻ പ്രസവിച്ചുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്'- എം കെ മുനീർ വ്യക്തമാക്കി. എം കെ മുനീർ കോഴിക്കോട് വിസ്ഡം ഇസ്‌ലാമിക് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സിയയ്ക്കും സഹദിനും കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിന് ജന്മം നല്‍കിയത് ട്രാന്‍സ് പുരുഷനായ സഹദാണ്. ഇരുവരും ട്രാൻസ് വ്യക്തികളായെങ്കിലും ഇവരുടെ ശരീരം മാറ്റത്തിന്റെ പാതിവഴിയിലെത്തി നിൽക്കുകയായിരുന്നു. ഇതാണ് ഇവർക്ക് കുഞ്ഞെന്ന സ്വപ്നത്തിൽ എത്താൻ സഹായമായത്.
ഹോർമോൺ തെറാപ്പിയും ബ്രസ്റ്റ് റിമൂവലും സഹദ് ചെയ്തിരുന്നു. എന്നാൽ ഗർഭപാത്രം നീക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതേസമയം സിയ ട്രാൻസ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയക്ക് വിധേയയായിരുന്നില്ല. ഈ ഘട്ടത്തിലാണ് ഇവർ കുഞ്ഞെന്ന സ്വപ്നത്തിലെത്തിയത്.
0 Comments