കോഴിക്കോട്: ഭർതൃപീഡനത്തെ തുടർന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശിനി ഷെഹീദ (39) ആണ് ഇന്നു പുലർച്ചെ മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവിന്റെ മാനസിക പീഡനം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ഷെഹീദയുടെ മൊഴി.[www.malabarflash.com]
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 4നാണ് ഷെഹീദ ഭർതൃവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. 90 ശതമാനം പൊള്ളലേറ്റിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ, മജിസ്ട്രേട്ട് രേഖപ്പെടുത്തിയ മൊഴിയിലാണ് ഭർത്താവിന്റെ മാനസിക പീഡനം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഷെഹീദ ആരോപിക്കുന്നത്.
ഷെഹീദയുടെ കുടുംബം നൽകിയ പരാതിയിൽ, ഭർത്താവ് ചാലിയം സ്വദേശി ജാഫറിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷെഹീദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. തീ കത്തുമ്പോൾ ജാഫർ നോക്കിനിന്നെന്ന് ഷെഹീദയുടെ സഹോദരൻ പറഞ്ഞു. ഭർത്താവിന്റെ ബന്ധുക്കളും ഷെഹീദയെ മാനസികമായി പീഡിപ്പിച്ചെന്നും സഹോദരന്‍ ആരോപിച്ചു.
0 Comments