NEWS UPDATE

6/recent/ticker-posts

എട്ട് മണിക്കൂര്‍ നീണ്ട ശസ്‍ത്രക്രിയ വിജയം; സല്‍മാനും അബ്‍ദുല്ലയ്ക്കും ഇനി രണ്ട് കിടക്കകളില്‍ ഉറങ്ങാം

റിയാദ്: യമനി സയാമീസ് ഇരട്ടകളായിരുന്ന സൽമാന്റെയും അബ്ദുല്ലയുടെയും വേർപ്പെടുത്തൽ ശസ്ത്രക്രിയ പൂർത്തിയായി. റിയാദിലെ കിങ് അബ്ദുല്ല സ്‍പെഷ്യാലിറ്റി ആശുപത്രിയിൽ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലാണ് വേർപ്പെടുത്തൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായത്.[www.malabarflash.com]

ആറ് ഘട്ടങ്ങളിലായി എട്ടുമണിക്കൂറാണ് ശസ്ത്രക്രിയക്ക് വേണ്ടി വന്നത്. ഡോക്ടർമാരും നഴ്സുമാരും ടെക്നീഷ്യന്മാരുമായി 35 പേർ ശസ്ത്രക്രിയയിൽ പങ്കാളികളായി.

മൂത്രാശയം, വൻകുടൽ, ചെറുകുടൽ എന്നിവ പങ്കിടുന്ന അവസ്ഥയിലായിരുന്നു ഇരട്ടകളെന്ന് ഡോ. അൽറബീഅ പറഞ്ഞു. ആന്തരികാവയവങ്ങള്‍ വേര്‍പെടുത്തുന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട ഘട്ടം. വേർപ്പെടുത്തൽ ശസ്‍ത്രക്രിയ വിജയകരമായി പൂർത്തിയായി. ജീവിതത്തിലാദ്യമായി രണ്ട് കുട്ടികളും വെവ്വേറെ കിടക്കകളിൽ ഉറങ്ങിയെന്നും ഡോ. റബീഅ പറഞ്ഞു.

1990 മുതലാണ് സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്ന ശസ്ത്രക്രിയ പദ്ധതി സൗദി അറേബ്യ ആരംഭിച്ചത്. ഇതിനകം 55 വേർപ്പെടുത്തൽ ശസ്ത്രക്രിയകൾ നടത്തി. യമനിൽ നിന്നുള്ള എട്ടാമത്തെ സയാമീസ് ഇരട്ടകളാണ് സൽമാനും അബ്ദുല്ലയുമെന്നും ഡോ. റബീഅ കൂട്ടിച്ചേർത്തു. സൽമാനെയും അബ്ദുല്ലയേയും വേർപ്പെടുത്തുന്ന ശസ്ത്രക്രിയ വിജയകരമായതിലുള്ള സന്തോഷം കുട്ടികളുടെ പിതാവ് യൂസഫ് അൽമലീഹി പ്രകടിപ്പിച്ചു.

ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയിൽ വെച്ച് ഡോ. അബ്ദുല്ല അൽറബീഅയെ പിതാവ് ആശ്ലേഷിച്ചു. സൗദി അറേബ്യ എല്ലാവർക്കും അഭിമാനമാണ്. രാജ്യത്തിന്റെ ഭരണ നേതൃത്വത്തിനും മെഡിക്കൽ സംഘത്തിനും സൗദി ജനതക്കും നന്ദി പറയുന്നു. എനിക്കുള്ള സന്തോഷം വിവരണാതീതമാണ്. ദൈവത്തിന് സ്തുതിനേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments