NEWS UPDATE

6/recent/ticker-posts

ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം; യുവാവിനെ കൊന്ന് കനാലിൽ തള്ളിയ കേസിലെ പ്രതി പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ യുവാവിനെ കൊന്ന് കനാലിൽ തള്ളിയ കേസിലെ പ്രതി അറസ്റ്റിൽ. 28 കാരനായ അനന്തുവിന്റെ അയൽവാസി ശ്രീകുമാറാണ് പിടിയിലായത്. ഭാര്യയുമായി അനന്തുവിന് അവിഹിത ബന്ധമുണ്ടായിരുന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു.[www.malabarflash.com]


ചൊവ്വാഴ്ചയാണ് കലഞ്ഞൂരിന് സമീപത്തെ കാരുവയലിൽ കനാലിൽ അനന്തുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കനാലിൽ വീണുള്ള മരണമാണെന്ന് നാട്ടുകാരും ബന്ധുക്കളും ആദ്യം സംശയിച്ചു. എന്നാൽ 24 മണിക്കൂറിനകം സംഭവത്തിന്‍റെ ചുരുളഴിഞ്ഞു. പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് അയൽവാസി ശ്രീകുമാർ പിടിയിലായത്.

തന്‍റെ ഭാര്യയുമായി അനന്തുവിന് അടുപ്പമുണ്ടെന്ന് ശ്രീകുമാർ സംശയിച്ചിരുന്നു. ഇതെച്ചൊല്ലി ഇരുവരും തമ്മിൽ പലതവണ വാക്കുതർക്കവുണ്ടായി. എന്നിട്ടും ഭാര്യയുമായി അനന്തു അടുപ്പം തുടർന്നെന്ന് ശ്രീകുമാർ പിന്നെയും സംശയിച്ചു. ഇതോടെ അനന്തുവിനെ ഇല്ലാതാക്കാൻ തന്നെ തീരുമാനിച്ചു. പിന്നീട് നാളുകൾ നീണ്ട ആസുത്രണം. അയൽവാസികൂടിയായ അനന്തുവിന്റെ ഓരോ ദിവസത്തേയും പ്രവർത്തനങ്ങൾ ശ്രീകുമാർ നിരീക്ഷിച്ചു. 

അവധി ദിവസങ്ങളിൽ കലഞ്ഞൂരിലെ റബർതോട്ടത്തിൽ സുഹൃത്തുക്കൾക്കൊപ്പം അനന്തു മദ്യപിക്കാനെത്തുമെന്ന് ഉറപ്പിച്ച ശ്രീകുമാർ ഇക്കഴിഞ്ഞ ഞായറാഴ്ച തോട്ടത്തിൽ കമ്പി വടിയുമായി കാത്തിരുന്നു. മദ്യപിച്ചതിന് ശേഷം സുഹൃത്തുക്കൾ മടങ്ങിയപ്പോൾ അനന്തുവിനെ ആക്രമിച്ചു.

കമ്പി വടി കൊണ്ടുള്ള അടിയേറ്റ് വീണ യുവാവിനെ പ്രതി റബർ തോട്ടത്തിൽ നിന്ന് നിലത്തുകൂടി വലിച്ച് നാനൂറ് മീറ്റർ അകലെയുള്ള കനാലിൽ കൊണ്ട് ഇട്ടു. സംഭവത്തിന് ശേഷം കുളത്തുമണ്ണിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് കൂടൽ ഇൻസ്പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. പ്രതിയുമായി തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട അനന്തുവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

Post a Comment

0 Comments